ദമ്മാം: വനിതാ അഭയകേന്ദ്രത്തിൽ നിന്നും നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ , ആന്ധ്ര സ്വദേശിനിയായ വീട്ടുജോലിക്കാരി നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. നൽഗൊണ്ട എസ്.ടി.കോളനി സ്വദേശിനി പുഷ്പ സ്വർണ്ണയാണ്,ജോലിസ്ഥലത്തെ ദുരിതങ്ങൾ കാരണം നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടര വർഷം മുൻപാണ് പുഷ്പ സൗദി അറേബ്യയിലെ നായ്റിയ എന്ന സ്ഥലത്തുള്ള ഒരു സൗദി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. സ്പോൺസർ വളരെ നല്ല മനുഷ്യനായിരുന്നു. ആ വീട്ടിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ രണ്ടു വർഷം പുഷ്പ ജോലി ചെയ്തു.
രണ്ടു വർഷത്തിന് ശേഷം, സ്പോൺസർ പുഷ്പയെ മറ്റൊരു വീട്ടിൽ ജോലിയ്ക്ക് കൊണ്ട് ചെന്നാക്കി. ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ശാരീരികമായ മർദ്ദനവും, മാനസികവുമായ പീഢനവും കാരണം അവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് പുഷ്പ പറഞ്ഞു. ഒടുവിൽ സഹികെട്ട് ആ വീട്ടിൽ നിന്നും പുറത്തിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് പുഷ്പ വിവരങ്ങളൊക്കെ പറഞ്ഞു സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും പുഷ്പയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ഏറെ ചർച്ചകൾക്ക് ഒടുവിൽ സ്പോൺസർ പുഷ്പയ്ക്ക് ഫൈനൽ എക്സിറ്റും, കുടിശ്ശിക ശമ്പളവും നൽകാമെന്ന് സമ്മതിച്ചു. മഞ്ജുവും നവയുഗം പ്രവർത്തകരും നായ്റിയയിൽ പോയി സ്പോൺസറിൽ നിന്നും പുഷ്പയുടെ ഫൈനൽ എക്സിറ്റ് അടിച്ച പാസ്സ്പോര്ട്ടും, കുടിശ്ശിക ശമ്പളവും, മറ്റു സ്വകാര്യസാധനങ്ങളും ഏറ്റുവാങ്ങി കൊണ്ട് വന്നു പുഷ്പയെ ഏൽപ്പിച്ചു. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച് ജുബൈലിലെ സാമൂഹ്യപ്രവർത്തകനായ യാസിർ വിമാനടിക്കറ്റ് നൽകി. എല്ലാവർക്കും നന്ദി പറഞ്ഞു പുഷ്പ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments