Latest NewsArticle

രാഹുല്‍ ഈശ്വര്‍ താങ്കള്‍ ശരിയായിരിക്കും, പക്ഷേ ആ അതിവൈകാരികത ആവശ്യമുണ്ടോ

ഹിന്ദു സംസ്‌കാരത്തെക്കുറിച്ചും ആാചര രീതികളെക്കുറിച്ചും വാ തോരാതെ പറയുന്ന രാഹുല്‍ വളരെ പെട്ടെന്ന് ദേശീയ ചാനലുകളില്‍ ഉള്‍പ്പെടെ ഹിന്ദുത്വത്തിന്റെ വക്താവായി.

ഹൈന്ദവ സംസ്‌കാരത്തിന്റെ വക്താവായി തുടക്കം

ശബരിമല പ്രശ്്നവമുായി ബന്ധപ്പെട്ട അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളത്തിന്റെ വക്താവായാണ് രാഹുല്‍ ഈശ്വര്‍ എന്ന യുവാവ് അറിയപ്പെടുന്നത്. അത്തരമൊരു ചുമതല രാഹുലിനെ ആരും ഏല്‍പ്പിച്ചിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഹൈന്ദവ സംഘടനകളുടെയോ പ്രതിനിധിയുമായിരുന്നില്ല. എന്നിട്ടും ഹിന്ദു സംസ്‌കാരത്തെക്കുറിച്ചും ആാചര രീതികളെക്കുറിച്ചും വാ തോരാതെ പറയുന്ന രാഹുല്‍ വളരെ പെട്ടെന്ന് ദേശീയ ചാനലുകളില്‍ ഉള്‍പ്പെടെ ഹിന്ദുത്വത്തിന്റെ വക്താവായി. ചര്‍ച്ചയ്ക്കിടയില്‍ ചിലപ്പോഴൊക്കെ തിരിച്ചടികളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുകയും ചെയ്തു. സ്വന്തം നിലപാടുകളിലും ആശയങ്ങളിലും ഉറച്ചുനില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ ഹിന്ദു രാഷ്ട്രീയം കൊണ്ടു നടക്കുന്ന സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ രാഹുലിനെ അഭിമതനാക്കി കൂടെ നിര്‍ത്തിയിട്ടില്ല. അല്ലെങ്കില്‍ അത്തരം വഴികളിലേക്ക് ആ ചെറുപ്പക്കാരന്‍ പോയിട്ടില്ല. അമ്മയുടെ അച്ഛന്‍ കണ്ഠരര് മഹേശ്വര് മുതിര്‍ന്ന തന്ത്രിയായിരുന്നപ്പോള്‍ ചെറുമകനെ എല്ലാ കാര്യങ്ങളിലും കൂടെ നിര്‍ത്തി. അദ്ദേഹത്തിന്റെ വിലാസത്തില്‍ രാഹുലിന് തന്റെ വഴികള്‍ കുറച്ചുകൂടി എളുപ്പമായി.

വിധിക്കെതിരെ ഒറ്റയാള്‍പോരാട്ടം

ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാമെന്നും ദര്‍ശനം നടത്താമെന്നമുള്ള സുപ്രീംകോടതി വിധിയെ നിരാശയോടെയും വേദനയോടെയും സ്വാഗതം ചെയ്തവരാണ് നിലവിലെ മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരും ബിജെപിയുമെല്ലാം. പക്ഷേ അപ്പോഴും വിട്ടുവീഴ്ച്ചയ്ക്കില്ലാതെ ആചാരലംഘനം നടത്താന്‍ ജീവനുണ്ടെങ്കില്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഒറ്റയാള്‍ പട്ടാളമായി രാഹുല്‍ ഈശ്വര്‍ പോരാടി. ചിലപ്പോള്‍ വളരെ യുക്തി ഭദ്രമായും മറ്റ് ചിലപ്പോള്‍ തീരെ ബാലിശമായും രാഹുല്‍ തന്റെ വാദങ്ങള്‍ തുടര്‍ന്നപ്പോള്‍ നോക്കി നിന്നവരാണ് അധികവും. എന്നാല്‍ ആരുടെയും പ്രേരണ ഇല്ലാതെ തന്നെ കേരളത്തിലെ വിശ്വാസികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശരണം വിളിച്ച് തെരുവിലിറങ്ങി രാഹുല്‍ പറയുന്നതാണ് ശരിയെന്ന് പിന്തുണ പ്രഖ്യാപിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ബിജെപിക്കും കോണ്‍ഗ്രസിനും മറ്റ് ഹൈന്ദവ സംഘടനകള്‍ക്കും ബോധ്യപ്പെട്ടത്. അതോടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭം ശക്തമാകുകയും അയ്യപ്പധര്‍മ സേന രൂപീകൃതമായി രാഹുല്‍ പ്രസിഡന്റാകുകയും ചെയ്തു.

അതിവൈകാരിക ഇടപെടലുകള്‍

അങ്ങനെ ശബരിമലയിലെ സ്ത്രീപ്രവേശത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന് പിന്നില്‍ അയ്യപ്പധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് ചെറുതല്ലാത്ത പങ്കുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ അതിന് ശേഷം രാഹുലിന്റെ സമനില നഷ്ടമായോ എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പോലും സംശയം പറഞ്ഞുതുടങ്ങി. ചാനല്‍ ചര്‍ച്ചകളില്‍ നില മറന്നും മര്യാദ ഇല്ലാതെയും ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രാഹുല്‍ ചിലപ്പോള്‍ പൊതു ഇടങ്ങളില്‍ കാണിക്കേണ്ട മിനിമം മര്യാദയും സംയമനവും പോലും പാലിക്കാതെയായി. ഇതിനിടയില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയും രാഹുല്‍ അറസ്റ്റിലാകുകയും ചെയ്തു. ഇതിനിടെ രാഹുല്‍ തന്ത്രി കുടുംബാംഗം അല്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ഔദ്യോഗികമായി തങ്ങളുടെ നിലപാടല്ലെന്നും നിലവിലെ തന്ത്രിമാര്‍ക്ക് പറയേണ്ടിയും വന്നു. അമ്മയുടെ പാരമ്പര്യമല്ല അച്ഛന്റെ പാരമ്പര്യമാണ് രാഹുലിന്റേതെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. സോഷ്യല്‍ മീഡിയകളിലും ഈ ചെറുപ്പക്കാരനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു.

ജയിലില്‍ നിന്നിറങ്ങി വിവാദ പരാമര്‍ശത്തിലേക്ക്

എന്തായാലും ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ പുതിയ വിവാദങ്ങള്‍ വിളിച്ചുവരുത്തുകയായിരുന്നു പിന്നീട്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ വിളിച്ചു പറഞ്ഞത്. കൈയില്‍ മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി എന്നും രാഹുല്‍ പറയുന്നത് അവിശ്വാസത്തോടെയാണ് വിശ്വാസികളായ പാവം സമരക്കാര്‍ കേട്ടത്. ശബരിമല സന്നിധിയില്‍ രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാദ്ധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നതെന്നായിരുന്നു രാഹുല്‍ വെളിപ്പെടുത്തിയത്. അയ്യപ്പന്റെ തിരുസന്നിധിയെ പവിത്രഭൂമിയായി കാണുന്നവരാണ് അവിടെ ആചാരലംഘനമോ അശുദ്ധിയോ വരാന്‍ പാടില്ലെന്ന നിലപാടില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുന്നത്. അയ്യപ്പന്റെ ഇരിപ്പിടം എന്തിന്റെ പേരിലും അശുദ്ധമാകരുതെന്ന് ആഗ്രഹിക്കുന്നവരുടെ മുന്നിലാണ് രാഹുിലന്റെ മൂന്നാംകിട തന്ത്രം. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത അമ്മമാര്‍ക്ക് പോലും രാഹുലിനെ തള്ളിപ്പറയാന്‍ മറ്റൊരു കാരണം വേണ്ടായിരുന്നു. സര്‍ക്കാരാകട്ടെ കിട്ടിയ അവസരം പരമാവധി മുതലാക്കി.

rahul eswar

രാജ്യദ്രോഹപ്രവര്‍ത്തനമെന്ന് മന്ത്രി

ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ വലിയ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയെന്നും ഇക്കാര്യങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നതെന്നും പറഞ്ഞ മന്ത്രി ശബരിമലയില്‍ രാഹുല്‍ ഈശ്വറും സംഘവും എന്തിനാണ് കോപ്പ് കൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം സംഭവം വിവാദമായതോടെ ശബരിമലയില്‍ ഭക്തര്‍ രക്തം ചൊരിയാന്‍ ശ്രമിച്ചുവെന്നാണ് താന്‍ പറഞ്ഞതെന്ന നിലപാടിലേക്ക് രാഹുല്‍ മാറി. അത്തരത്തില്‍ അതിവൈകാരികമായി പ്രതികരിച്ചവരെ താന്‍ തടയുകയാണ് ചെയ്തതതെന്നും രാഹുല്‍ അവകാശപ്പെട്ടെങ്കിലും ആദ്യം പറഞ്ഞ വെളിപ്പെടുത്തലിന്റെ തീവ്രത കുറയ്ക്കാന്‍ അതിനൊന്നും കഴിഞ്ഞില്ല. ആ വിവാദ പരാമര്‍ശത്തിന്‍െ പേരിലാണ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലാകുന്നത്. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് രാഹുല്‍ പിടിയിലായിരിക്കുന്നത്.

surendran kadakampally

നിലപാടുകള്‍ വിനയാകുമോ

രാഹുിലന്റെ ആദ്യ അറസ്റ്റ് അതിവൈകാരികതയുടെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു എങ്കില്‍ ഇത്തവണ അത് സ്വയംകൃതാനര്‍ത്ഥം തന്നെയായി. വൈകാരികമായ ഒരു വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ വിവേകശൂന്യമായ പ്രസ്താവനയാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി പോലും ചോദ്യം ചെയ്യപ്പെടുകയാണ് ഇപ്പോള്‍. നല്ല ഒരു നേതാവിന് വേണ്ട ഗുണങ്ങള്‍ ഇല്ലാതെപ്പോയതാണ് രാഹുലിന്റെ പ്രശ്നം. അതിവൈകാരികതയും അതിഭാഷണവും കൊണ്ട് എപ്പോഴും എല്ലാവര്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാനാകില്ലൈന്നത് രാഹുല്‍ ഓര്‍ക്കേണ്ടിയിരുന്നു. അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്ചര്യത്തെക്കുറിച്ച മാത്രമല്ല ആകുലപ്പെടേണ്ടത്. പകരം എല്ലാ ചര്‍ച്ചകളിലും ആ ഒരൊറ്റ വാക്കില്‍ കടിച്ചു തൂങ്ങി സ്വയം അപഹാസ്യനാകേണ്ടി വന്നതും ഗഹനമായ പഠനത്തിന്റെ കുറവ് കൊണ്ടാണ്. എന്തായാലും ശബരിമല പ്രശ്നം തന്ത്രി കുടുംബത്തിലെ മരുമകനെ കുറച്ചൊന്നുമല്ല ബാധിക്കാന്‍ പോകുന്നതെന്നാണ് മനസിലാക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button