കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സഖ്യത്തിന് വരുന്നവര്‍ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിനാല്‍ വഞ്ചിക്കപ്പെട്ട് അവസാനം മീ ടു എന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.
അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസുമായി സഖ്യം കൂടാന്‍ വരുന്നവര്‍ ആരായിരുന്നാലും അവര്‍ ക്രമേണ തുടച്ചുമാറ്റപ്പെടും. വഞ്ചിക്കപ്പെടാതിരിക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലുമായി കൂട്ടുകൂടാന്‍ പോകില്ലെന്ന് പ്രതീക്ഷിക്കാമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അങ്ങനെ പോയാല്‍ ആ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ മീ ടു കാമ്പെയ്ന്‍ തുടങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഫിലിം മേഖലയില്‍ നിന്ന് തുടങ്ങിയ മീ ടു കാമ്പെയ്നില്‍പ്പെട്ട് പ്രമുഖര്‍ക്ക് സ്ഥാനം തെറിക്കുന്ന സാഹചര്യത്തിലായിരുന്നു ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ രാജ്നാഥ് സിംഗ് മീ ടു പരാമര്‍ശം നടത്തിയത്. വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിന്റെ മന്ത്രികസേര പോലും മീ ടുവില്‍ തെറിച്ചു. ജോലിസ്ഥലത്തുണ്ടാകുന്ന പീഡനം കൈകാര്യം ചെയ്യാന്‍ നിയമസംവിധാനം ഉള്‍പ്പെടെയുള്ളവ ശക്തമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകൃതമായ മന്ത്രിതല സമിതിയുടെ നേതൃത്വം വഹിക്കുന്നത് രാജ്നാഥ് സിംഗാണ്.
Post Your Comments