വിഴിഞ്ഞം: വിലക്ക് ലംഘിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന റോഡില്‍ യാത്രയായ ബൈക്ക് ഗതാഗതം തടയാന്‍ സ്ഥാപിച്ച ഇരുമ്പു നിര്‍മിത ബാരിക്കേഡില്‍ ഇടിച്ച് രണ്ടായി മുറിഞ്ഞു. യാത്രക്കാരായ മൂന്നു യുവാക്കള്‍ക്കു പരുക്ക്. കോവളം ബൈപാസ് റോഡില്‍ കല്ലുവെട്ടാന്‍കുഴി ഭാഗത്താണ് അപകടം. സംഭവത്തില്‍ ബാലരാമപുരം സ്വദേശികളായ അനൂപ്(19), അരവിന്ദ്(20), തൗഫീഖ്(20), എന്നിവര്‍ക്കാണു പരുക്കേറ്റത്. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. എന്നാല്‍ പെട്രോളിങ് നടത്തുകയായിരുന്ന വിഴിഞ്ഞം പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഇരുചക്ര വാഹനവും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന ഒരു ബാലിക മരിച്ചിരുന്നു. ഇതേ തുടര്‍ന്നു നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചിരുന്നു.
എന്നാല്‍ ചില ഭാഗങ്ങളില്‍ ബാരിക്കേഡു മാറ്റി പലപ്പോഴും ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്നതായി നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല ഈ ഭാഗങ്ങളില്‍ ആള്‍ത്തിരക്ക് കുറവായതിനാല്‍ സന്ധ്യ സമയം എത്തുമ്പോള്‍ ലഹരിമരുന്നു ലോബികളും ബൈക്ക് റേസിങ് സംഘങ്ങളും മദ്യപരും ഇവിടം കയ്യടക്കുന്നതായും നാട്ടുകാരില്‍ പരാതിയുണ്ട്.
Post Your Comments