തിരുവനന്തപുരം :ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ക്ക് കുരുക്ക് മുറുകുന്നു. ഇവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ലക്ഷങ്ങളാണ് ജാമ്യത്തുക കെട്ടിവെയ്‌ക്കേണ്ടത്. ഇതിനാല്‍ പലര്‍ക്കും ജാമ്യത്തില്‍ പുറത്തിറങ്ങാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.
. പൊലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും മറ്റും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. നിലയ്ക്കലില്‍ സന്നിധാനം സ്‌പെഷല്‍ ഓഫിസറായ എസ്പി അജിത്തിന്റെ വാഹനം കൊക്കയിലിട്ടവര്‍ക്കാണു 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടത്. ആകെ 9 പ്രതികളാണ് ഈ കേസിലുള്ളത്.
നിലയ്ക്കല്‍ സംഘര്‍ഷങ്ങളില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളും എട്ടും ഒന്‍പതും ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. കോടതിയാണ് ഇവരുടെ ജാമ്യത്തുക നിശ്ചയിക്കുക.
ശബരിമല സംഘര്‍ഷങ്ങളിലെ പ്രതികളുടെ സംസ്ഥാന വ്യാപക അറസ്റ്റ് മൂന്നാം ദിനവും തുടരുകയാണ്. ഇന്നലെ ഒറ്റ രാത്രി കൊണ്ടു വിവിധ ജില്ലകളിലായി എഴുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇതോടെ 452 കേസുകളിലായി അറസ്റ്റിലായവരുടെയെണ്ണം 2061 ആയി. ഇനിയും ആയിരത്തിലേറെപ്പേരെ കണ്ടെത്താനായി ജില്ലാ തലത്തില്‍ പ്രത്യേക സംഘം തിരച്ചില്‍ തുടരുകയാണ്. അറസ്റ്റ് തുടരുമെന്നും യുവതീപ്രവേശം നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഡിജിപി വ്യക്തമാക്കി.
Post Your Comments