Latest NewsKeralaNews

ഷഹബാസിന്റെ മരണം: അക്രമം നടത്തിയത് കരുതിക്കൂട്ടി

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണം ദുഃഖകരമെന്ന് കോഴിക്കോട് ഡിഡിഇ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍) സി മനോജ് കുമാര്‍. കുട്ടികള്‍ തമ്മില്‍ സാധാരണ പോലെ ഉണ്ടായ സംഘര്‍ഷമല്ല ഉണ്ടായത്. കരുതിക്കൂട്ടിയുണ്ടാക്കിയതാണ്. കുട്ടികള്‍ സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തില്‍ ട്യൂഷന്‍ സെന്ററില്‍ പരിപാടി സംഘടിപ്പിച്ചതിനെ കുറിച്ച് ഗൗരവതരമായ രീതിയില്‍ അന്വേഷണം നടത്തും.

ആയുധം ഉപയോഗച്ചു കൊണ്ടുള്ള ആക്രമണം ഗൗരവമായിട്ടാണ് കാണുന്നത്. ഭീകരമായ ആക്രമണം തന്നെ മുഹമ്മദ് ഷഹബാസിന് നേരിടേണ്ടി വന്നു. ട്യൂഷന്‍ സെന്ററില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പഠിപ്പിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും ട്യൂഷന്‍ സെന്ററുകളുടെ മേല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് നിയന്ത്രണമില്ല. ജെ ജെ ബോര്‍ഡിന്റെ നിരീക്ഷണം കൂടി വന്ന ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു.തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരുക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ പരിശോധന നടത്തി, ഗുഡാലോചനയില്‍ മുതിര്‍ന്നവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനില്‍ ജെസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ഇവര്‍ക്ക് ഈ വര്‍ഷത്തെ SSLC പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാകും. മുതിര്‍ന്നവര്‍ ഈ സംഘര്‍ഷത്തില്‍ പങ്കാളികളായിട്ടുണ്ട് എന്നാണ് ഷഹബാസിന്റെ രക്ഷിതാക്കളുടെ ആരോപണം.

നഞ്ചക്ക് കൊണ്ട് തലയ്‌ക്കേറ്റ ക്ഷതമാണ് ഷഹബാസിന്റെ മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമികവിവരം. ചെവിയുടേയും കണ്ണിന്റേയും ഭാഗത്ത് പരുക്കുകളുണ്ട്. പുറമേയ്ക്ക് പരുക്കുകള്‍ കാണാനില്ലെന്നും ആന്തരികമായി ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഫെയര്‍വെല്‍ പാര്‍ട്ടി നടന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നില്ല ഷഹബാസ്. സുഹൃത്ത് വന്നുവിളിച്ചപ്പോള്‍ ഷഹബാസ് കൂടെപ്പോവുകയായിരുന്നു. സുഹൃത്ത് തന്നെയാണ് അവശനിലയിലുള്ള ഷഹബാസിനെ വീട്ടില്‍ക്കൊണ്ടുവിട്ടത്.

 

shortlink

Post Your Comments


Back to top button