Latest NewsKeralaIndia

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം : എല്ലാ സിപിഎം ഓഫിസുകളിലും പരാതി സെൽ

നേതാക്കൾക്കെതിരെ പാർട്ടിക്ക് അകത്തുനിന്നു തന്നെ പീഡന പരാതികൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനം.

കണ്ണൂർ ∙ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സിപിഎമ്മിന്റെ എല്ലാ ഓഫിസുകളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ ശുപാർശ. നേതാക്കൾക്കെതിരെ പാർട്ടിക്ക് അകത്തുനിന്നു തന്നെ പീഡന പരാതികൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനം.

സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസിൽ വർഷങ്ങളായി ഇത്തരം ആഭ്യന്തര പരാതി സെൽ പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാനസമിതി ഓഫിസ് മുതൽ താഴോട്ടുള്ള എല്ലാ ഓഫിസുകളിലും സെല്ലുകൾ രൂപീകരിക്കണമെന്നും സംസ്ഥാനസമിതികൾക്ക് അയച്ച സർക്കുലറിൽ കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.

പി.കെ.ശശി എംഎൽഎയ്ക്കെതിരെ പാർട്ടി അംഗം തന്നെ നൽകിയ പീഡന പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്നും കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികൾ ആരംഭിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ചില നേതാക്കൾക്കെതിരെ നേരത്തേ ഉയർന്ന ലൈംഗിക ആരോപണങ്ങൾ സിപിഎം കൈകാര്യം ചെയ്ത രീതിക്കെതിരെയും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്.

ഈ സാഹചര്യത്തിലാണു പാർട്ടി ഓഫിസുകളിൽ പരാതി സെൽ രൂപീകരിക്കുന്നത്. സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ ഓഫിസുകളിലും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്ന 2013ലെ നിയമമനുസരിച്ച് ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്നാണു വ്യവസ്ഥ. ഇതനുസരിച്ചാണു സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസായ ന്യൂഡൽഹി എകെജി ഭവനിൽ 2013ൽ പരാതി സെൽ രൂപീകരിച്ചത്.

നിലവിൽ കേന്ദ്ര കമ്മിറ്റി അംഗം മറിയം ധവ്ളയാണു സമിതി അധ്യക്ഷ. കേന്ദ്ര കമ്മിറ്റിയംഗം വി.മുരളീധരൻ, അഡ്വ. കീർത്തി സിങ് എന്നിവർ അംഗങ്ങളാണ്. ഇതേ മാതൃകയിൽ എല്ലാ ഓഫിസുകളിലും അടിയന്തരമായി കമ്മിറ്റികൾ രൂപീകരിക്കാനാണു നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button