കൊട്ടിയടച്ചത് സമവായ സാധ്യത
ശബരിമലയിലെ നിലവിലെ ആചാരത്തിന് എതിരായി കോടതി വിധി അനുസരിച്ച് മാറ്റം വരുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഇനിയൊരു ചര്‍ച്ചക്കോ സമവായത്തിനോ ഒരു സാധ്യതയും ഇല്ലാത്തവിധം നയം വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്ക്. ദേവസ്വം ബോര്‍ഡുമായോ സര്‍ക്കാരുമായോ ഇനിയൊരു ചര്‍ച്ചക്ക് തന്ത്രി കുടുംബവും രാജകൊട്ടാരത്തിലെ പ്രതിനിധികളും അയ്യപ്പസേവാസമിതിയും തയ്യാറാകില്ല എന്നതും ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. ആരുടെ ചോര വീണിട്ടാണെങ്കിലും കോടതി വിധി നടപ്പിലാക്കേണ്ടതാണ് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്ന ധാരണയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് ആക്ടിവിസ്റ്റ് വന്നാലും യുക്തിവാദി വന്നാലും സംസ്ഥാനത്തിന്റെ പൊലീസ് സേനയെ മുഴുവന്‍ വിന്യസിച്ചായാലും അവരെ സന്നിധാനത്തെത്തിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ അത് കോടതി വിധി നടപ്പിലാക്കാനുള്ള ത്വര കൊണ്ടല്ല, പകരം വിശ്വാസികളായ ജനങ്ങളുടെ പ്രക്ഷോഭത്തെ വെല്ലുവിളിക്കാനും പരിഹസിക്കാനുമുള്ള ആഗ്രഹം കൊണ്ടാവും.
പേടിക്കുന്നത് കോടതിയേയോ ബിജെപിയേയോ
മുമ്പ് എത്രയോ തവണ കോടതിയേയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന നിലപാടുകളും പ്രസ്താവനകളും സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. സിപിഎം ഭയക്കുന്നത് ബിജെപിയെയാണ്. ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കപ്പെട്ടാല്‍ അത് ബിജെപി അനുകൂല തരംഗം സൃഷ്ടിക്കുമെന്ന പേടി കാരണമാണ് ഒരു കാരണവശാലും അതിന് അുവദിക്കില്ലെന്ന നിലപാടില്‍ കടിച്ചുതൂങ്ങുന്നത്. കുരിശിന്റെ കാര്യത്തില്‍ പാവം തോന്നിയ ഒരു മുഖ്യമന്ത്രിക്ക് അമ്പലത്തിന്റെ കാര്യത്തില്‍ ആ വികാരം തോന്നാതിരിക്കുന്നത് വിചിത്രമാണ്. ഓരോ തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോഴും ബിജെപിയുടെ വോട്ട് നിലയില്‍ അതിശയിപ്പിക്കുന്ന വര്‍ധനയാണ് കാണുന്നത്. പശ്ചിമബംഗാളിലും ത്രിപുരയിലും തൂത്തെറിയപ്പെട്ടതുപോലെ കേരളത്തിലും സംഭവിച്ചാലോ എന്ന് പേടിച്ചാല്‍ കുറ്റം പറയാനാകില്ല. സിപിഐഎം, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികള്‍ക്ക് പരമ്പരാഗതമായി ലഭിച്ചുവരുന്ന വോട്ടുകളില്‍ വിള്ളല്‍ വീണുതുടങ്ങിയെന്നത് ഒരു യാഥാര്‍ഥ്യമാണ്. സാംസ്‌കാരികമായ മാറ്റങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായ മാറ്റത്തിന്റെയും കാറ്റ് കേരളത്തില്‍ വീശിയടിക്കുന്നുണ്ട്.
എരിതീയില്‍ എണ്ണയൊഴിക്കുന്ന നീക്കങ്ങള്‍
ഇതര മതസ്ഥരുടെ സമാനമായ വിശ്വാസ പ്രശ്നങ്ങളെയും കോടതിവിധിയേയും വളരെ സംയമനത്തോടെ നേരിടാനും കൈകാര്യം ചെയ്യാനും ഈ ഭരണകൂടത്തിനറിയാം. ഓര്‍ത്ത ഡോക്സ് യാക്കോബായ സഭാതര്‍ക്കം നിലവിലുള്ള പിറവത്തെ സെന്റ് മേരീസ് പള്ളിയുടെ അധികാരം ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ക്ക് വിട്ടുനല്‍കിക്കൊണ്ട് സുപ്രീംകോടതി വിധിച്ചിട്ട് ഒരുവര്‍ഷമാകാന്‍ പോകുന്നു! ബന്ധപ്പെട്ട കക്ഷികള്‍ കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തിട്ടു പോലും ഒരു നടപടിയും ഇന്നുവരെ ഉണ്ടായിട്ടില്ല. അതേക്കുറിച്ച് ചോദിച്ചാല്‍ അത് മൗലികാവകാശത്തില്‍പ്പെടുന്നതല്ലെന്നാണ് നേതാക്കന്‍മാരുടെ ഉത്തരം. എന്തായാലും യുവതിപ്രവേശത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രിയില്‍ നിന്നും മറ്റ് മന്ത്രിമാരില്‍ നിന്നും ഉണ്ടാകുന്നത്. എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജാതിപറഞ്ഞും നുണങ്ങള്‍ പ്രചരിപ്പിച്ചും മറ്റുമാണ് വിശ്വാസികളുടെ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. സ്വതന്ത്ര നിലപാടുള്ള ദേവസ്വം ബോര്‍ഡിനെ ഭീഷണിപ്പെടുത്തി നിശബദ്മാക്കി കഴിഞ്ഞു. ഇനി മണ്ഡല മകരവിളക്ക് കാലത്ത് താത്കാലികാടിസ്ഥാനത്തില്‍ നൂറു കണക്കിന് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ തിരുകി കയറ്റാനുള്ള നീക്കമാണ്. അവിശ്വാസികളായ ഈ ജീവനക്കാര്‍ക്ക് ക്ഷേത്ര താത്പര്യത്തിന് വിരുദ്ധമായതൊക്കെ ചെയ്യാമെന്ന് മാത്രമല്ല വിശ്വാസികളുടെ പ്രക്ഷോഭത്തില്‍ ഏത് വിധേനയുമുള്ള ഇടപെടലുകള്‍ നടത്താനുമാകും.
ഉറക്കം കെടുത്തുന്ന ഹൈന്ദവ കൂട്ടായ്മ
കേരളം മുഴുവനുമുള്ള ഹൈന്ദവസംഘടനകള്‍ ഒന്നിച്ചുനില്‍ക്കുന്നത് സിപിഎമ്മിന്റെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്. പോരെങ്കില്‍ ജാതിക്കും സമുദായത്തിനും അപ്പുറമുള്ള കൂട്ടായ്മയാണ് ശബരിമല വിഷയത്തില്‍ കാണുന്നതും. യഥാര്‍ത്ഥത്തില്‍ ഈശ്വരവിശ്വാസമില്ലാത്ത സിപിഎം എന്തിനാണ് ക്ഷേത്രകാര്യങ്ങളില്‍ ഇടപെടുന്നതെന്നാണ് മനസിലാകാത്തത്. അത് കാവിക്കൊടികളെ പേടിച്ചിട്ടാണെന്നാണ് ഒരു അഭിപ്രായം. വിശ്വാസികളല്ലാത്തവര്‍ ആചാരങ്ങള്‍ തിരുത്താന്‍ മുന്നിട്ടിറങ്ങുന്നതിന്റെ അനൗചിത്യമാണ് സുപ്രീംകോടതിക്ക് മുന്നില്‍ ബോധ്യപ്പെടുത്തേണ്ടത്. ഇതിനെതിരെ നിയമപരമായ പോരാട്ടം മാത്രമല്ല ധാര്‍മ്മികമായ പ്രക്ഷോഭം തന്നെ നടക്കണം. ഒരു തരത്തില്‍ ഹൈന്ദവ വിശ്വാസങ്ങളില്‍ ഇടപെട്ട് ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളെടുക്കാന്‍ സിപിഎം കാണിക്കുന്ന ഉത്സാഹത്തിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ നടക്കുന്നത്. ശബരിമല സ്ത്രീപ്രവേശം അതിന് നിമിത്തമായെന്ന് മാത്രം.
ശബരിമലയില്‍ യുവതികളെ കയറ്റാന്‍ എന്തുവില കൊടുക്കാനും തയ്യാറാകുന്ന സര്‍ക്കകാര്‍ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന പമ്പയിലും പരിസരത്തും നടക്കുന്ന പുനര്‍നിര്‍മാണ് പ്രവര്‍ത്തനങ്ങളില്‍ക്കൂടി ശ്രദ്ധയും അവധാനതയും കാണിക്കണം. ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റേതാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് ക്ഷേത്രത്തില്‍ ഇത്രപേര്‍ വന്നുകൊള്ളണം എന്ന് ഉത്തരവിറക്കാന്‍ കഴിയില്ലെന്നത് ഓര്‍ക്കണം. കാണിക്കയായി എന്ത് നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും ഭക്തനില്‍ മാത്രം നിക്ഷിപ്തമാണ്. വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ബോര്‍ഡിനും സര്‍ക്കാരിനും ഉത്തരവാദിത്തം കൂടുമെന്ന് വിശ്വാസികള്‍ക്കറിയാം. ഈശ്വരനോടുള്ള വിശ്വാസവും ഭക്തിയും പ്രകടിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ യഥേഷ്ടമുള്ളതിനാല്‍ എന്നും കാണിക്കവഞ്ചി നിറഞ്ഞിരിക്കുമെന്ന് സര്‍ക്കാരും ബോര്‍ഡും പ്രതീക്ഷിക്കരുത്.
Post Your Comments