ബെംഗളൂരു∙ കണ്ണൂരിലെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതായും പെരുമ്പാവൂരിൽ മോഷണം നടത്തിയതായും ബെംഗളൂരു സ്ഫോടന ക്കേസിലെ പ്രതിയുടെ കുറ്റസമ്മതം. പ്രതി അബ്ദുൽ സലീം 2012ൽ പറമ്പായി സ്വദേശി നിഷാദിനെ(32), 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ വാങ്ങി വധിച്ചെന്നാണ് വെളിപ്പെടുത്തൽ. നിഷാദിന് ഇതര സമുദായത്തിൽപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതിന്റെ പേരിൽ അവരുടെ ഭർത്താവ് കോട്ടേഷൻ നൽകിയത് എന്നാണ് ഇയാളുടെ മൊഴി .
2008ൽ ഒൻപത് ഇടങ്ങളിൽ സ്ഫോടനം നടന്ന കേസിൽ 10 വർഷമായി ഇയാളെ പൊലീസ് തിരയുകയായിരുന്നു. ഇതിനിടെയാണ് പിണറായിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം. 2016ലായിരുന്നു പെരുമ്പാവൂരിലെ കവർച്ച. കണ്ണൂർ സ്വദേശിയായ സലീം കഴിഞ്ഞദിവസം പിണറായിയിൽ നിന്നാണു പിടിയിലായത്. നിഷാദിന്റെ തിരോധാനം കണ്ണൂർ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്നതിനിടെയാണു വെളിപ്പെടുത്തൽ.
കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കണ്ണൂർ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. ബെംഗളൂരുസ്ഫോടനത്തിനായി അസംസ്കൃത സാധനങ്ങൾ സംഘടിപ്പിച്ചതായും പ്രതികൾക്ക് അഭയം നൽകിയതായും സലീം സമ്മതിച്ചിട്ടുണ്ട്.സ്ഫോടനക്കേസ് ഒന്നാം പ്രതിയും ലഷ്കറെ തയിബ ദക്ഷിണേന്ത്യൻ കമാൻഡറുമായ തടിയന്റവിട നസീർ ഉൾപ്പടെയുള്ളവർ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോഴുള്ളത്.
Post Your Comments