തിരുവന്തപുരം: ദാഹിച്ചു വലഞ്ഞാല്‍ എല്ലാവരും ചിന്തിക്കുന്ന പോലെ ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിച്ചാലോ എന്ന് ചിന്തിക്കുവന്നവരെല്ലാം ഇനി രണ്ടാമതൊന്നു ആലോചിക്കേണ്ടി
വരും. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് അന്യായ വിലയിട്ടാണ് തലസ്ഥാനത്തെ ഹോട്ടല്‍ സാധാരണക്കാരന്റെ കീശ കുത്തിപ്പൊളിക്കുന്നത്. അബ്ദുള്‍ അലീഫ് എന്നയാള്‍ തനിക്കുണ്ടായ അനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതോടെ എല്ലാവരും തലയില്‍ കയ് വച്ചിരിക്കുകയാണ്. 50 രൂപയ്ക്കുള്ളില്‍ ഒരു ഗ്ലാസ്സ് ജ്യൂസ് കിട്ടുമ്പോഴാണ് നാരങ്ങാവെള്ളത്തിന് 115 രൂപ വിലയിട്ട് ജനങ്ങളെ പിഴിഞ്ഞ നാരങ്ങാ തൊണ്ടു പോലെയാക്കുന്നത്.
തിരുവന്തപുരത്തെ വഴുതക്കാടുള്ള ‘ചെറീസ് ആന്‍ഡ് ബെറീസ്’ എന്ന റെസ്റ്റോറന്റില്‍ നിന്നും നാരങ്ങാവെള്ളം കുടിച്ച അനുഭവമാണ് അബ്ദുള്‍ അലീഫ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. വിലകേട്ടുള്ള ഷോക്ക് തീരാന്‍ പുറത്തിറങ്ങി മറ്റൊരു ബേക്കറിയില്‍ നിന്നും 12 രൂപ നല്‍കി ഒരു നാരങ്ങാ വെള്ളം കൂടി കുടിച്ചപ്പോഴാണ് സമാധാനമായതെന്നും അദ്ദേഹം പറയുന്നു.
അബ്ദുള്‍ അലീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെര്‍വ് ചെയ്ത ഗ്ലാസ്സിനു പോലും മിനിമത്തില്‍ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേര്‍ത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒണ്‍ലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!
പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാര്‍ലറില്‍ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..
അല്ല കോയ, ശരിക്കും ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??
Post Your Comments