Latest NewsKeralaIndia

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; സ്ത്രീ അറസ്റ്റിൽ

കുഞ്ഞിന്റെ മാതാവിനോടുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് ജസീല മൊഴി നല്‍കി

താമരശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ ഏഴ് മാസം മാത്രം പ്രായമായ മകള്‍ ഫാത്തിമയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. മുഹമ്മദലിയുടെ സഹോദരന്റെ ഭാര്യയായ ജസീലയാണ് പ്രതി. കുഞ്ഞിന്റെ മാതാവിനോടുള്ള വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് ജസീല മൊഴി നല്‍കിയിട്ടുണ്ട്.

കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം അമ്മ ഷമീന വസ്ത്രം അലക്കാനായി പോയപ്പോഴാണ് കൊലപാതകം നടക്കുന്നത്. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ തൊട്ടിലില്‍ കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.ഈ സമയം മുഹമ്മദലിയുടെ സഹോദര ഭാര്യ ജസീല വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണാതായത് താന്‍ അറിയുന്നത് ഷമീന ബഹളം വച്ചപ്പോള്‍ മാത്രമാണെന്നാണ് ജസീല പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.

ചൊവ്വാഴ്ച രാവിലെ ജസീലയെ താമരശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് മൊഴി നല്‍കിയത്. ഷമീന വസ്ത്രം അലക്കുമ്പോള്‍ മീന്‍ മുറിക്കുകയായിരുന്ന ജസീല കുഞ്ഞിനെ എടുത്ത് കിണറ്റില്‍ എറിയുകയും ഒന്നും അറിയാത്ത ഭാവത്തില്‍ ജോലി തുടരുകയുമായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button