Latest NewsNews Story

അതിജീവനത്തിന്റെ കഥ പറഞ്ഞ് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ‘ആര്‍ ജെ കാജല്‍

മാന്യമായ ഒരു തൊഴില്‍, മറ്റുള്ളവരെപ്പോലെ ഈ സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം അത്രയേ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആഗ്രഹിക്കുന്നുള്ളു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഓരോരുത്തരും കടന്നുപോയ വഴിയിലൂടെ തന്നെയായിരുന്നു കാജലും യാത്ര തുടങ്ങിയത്. പക്ഷേ ജീവിതത്തില്‍ ഒരിടത്ത് പോലും ഒന്നിനെയും പേടിച്ച് പിന്മാറാന്‍ അവള്‍ തയാറായിരുന്നില്ല. പകരം താന്‍ എന്താകണമെന്ന് ആഗ്രഹിച്ചോ ആ നേട്ടം കൊയ്യുകയായിരുന്നു കാജല്‍ എന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ ജെ.
കുഞ്ഞു നാള്‍തൊട്ട് പെണ്‍കുട്ടികളോടൊപ്പം കൂട്ടുകൂടാനും അവരോടൊപ്പം പാട്ട് പാടി, സിനിമാ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യാനായിരുന്നു എനിക്ക് ഇഷ്ടം കാജല്‍ പറയുന്നു.

മംഗലൂരു സെന്റ് അലോഷ്യസ് കോളെജിലെ കമ്മ്യൂണിറ്റി റേഡിയോ ആയ റേഡിയോ സാരംഗ് 107.8 എഫ്. എം ലെ ആര്‍ ജെ ആണ് കാജല്‍ ഇപ്പോള്‍. വെറും ആര്‍ ജെ അല്ല, കര്‍ണാകട തീരദേശ മേഖലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ ജെ. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് കാജല്‍ ജനിച്ചത്. പിന്നീട് എട്ടാം വയസില്‍ തന്റെ സ്വത്വം എന്തെന്ന് തിരിച്ചറിഞ്ഞു. തന്നില്‍ പ്രകടമായ സ്‌ത്രൈണതയെ ടീച്ചര്‍ ക്ലാസ് റൂമില്‍ മറ്റ് കുട്ടികളുടെ മുന്നില്‍ നിര്‍ത്തി കളിയാക്കി. താന്‍ നേരിട്ട ആദ്യ കളിയാക്കലായിരുന്നു അത്. പിന്നീട് ദിവസങ്ങളോളം സ്‌കൂളില്‍ പോകാതിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായിരുന്ന മഹാദേവിയെ കാണുകയായിരുന്നു. പിന്നീട് അവരിലൂടെ താന്‍ തിരഞ്ഞിരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരം അവരില്‍ നിന്ന് കിട്ടി. പിന്നീട് ഞാന്‍ മനസിലാക്കുകയായിരുന്നു തന്റെ സ്വത്വം അംഗീകരിക്കുകയെന്നത് എത്ര പ്രയാസമാണെന്ന് കാജല്‍ പറഞ്ഞു

ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായ കാജലിനെ അംഗീകരിക്കാന്‍ വീട്ടുകാരും നാട്ടുകാരും ഒരുപോലെ മടുപ്പും വെറുപ്പും പ്രകടിപ്പിച്ചു. അങ്ങനെ നാടു വിട്ടോടി, ജീവിക്കാന്‍ സ്വന്തമായി വരുമാന മാര്‍ഗ്ഗം കണ്ടെത്താനായി ഒരു ബാറില്‍ ഡാന്‍സറായി പ്രവേശിച്ചു, പിന്നീട് സര്‍ക്കസ് കമ്പനിയില്‍ ഡാന്‍സറായി ജോലി നോക്കി. അങ്ങനെ കര്‍ണാടകയിലെ തീരദേശ ഗ്രാമമായ ബ്രഹ്മവാറിലേക്കെത്തിയത്.അവിടെ എം ജി എം കോളെജിലെ ലക്ചറര്‍ മഞ്ജുനാഥ് കമ്മത്ത് കാജലിന് എല്ലാ വിധ സഹായങ്ങളും നല്‍കുകയും പഠിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. വിടെത്തന്നെയുള്ള സ്പന്ദന ചാനലിലെ അവിനാഷ് കമ്മത്ത് അവള്‍ക്ക് വേണ്ട ട്രെയിനിംഗ് നല്‍കി. അങ്ങനെ അവതാരക ആവുകയെന്ന ആഗ്രഹവും സാധിക്കുകയായിരുന്നു. അരിഞ്ഞു വീഴ്ത്താന്‍ നോക്കിയ ചിറകുകള്‍ അതി ശക്തമായി കുടഞ്ഞ് ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ് കാജല്‍. ഇനിയും തന്റെ ജീവിതത്തില്‍ കൈവരിക്കാന്‍ പോകുന്ന വിജയ നിമിഷങ്ങള്‍ക്കായ് പ്രയത്‌നിക്കുകയാണ്അവള്‍ തളരാതെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button