KeralaLatest News

മീ ടൂ; അന്തരിച്ച കവി അയ്യപ്പനെതിരെ മറ്റൊരു പെൺശബ്ദം കൂടി

പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാൻ കോളേജില്‍ പോയി പഠിക്കാന്‍ തുടങ്ങി

ഹോളിവുഡിനെ ഇളക്കിമറിച്ച് ഇന്ത്യയിലേയ്ക്കും പിന്നീട് കേരളത്തിലേയ്ക്കുമാഞ്ഞടിച്ച “മീടൂ”വിവാദത്തിൽ പല കൊമ്പൻമാരുടെയും കൊമ്പൊടിയുകയാണ്.കഴിഞ്ഞ ദിവസം “നിമ്നഗ”എന്നൊരാൾ കവി എ. അയ്യപ്പനിൽ നിന്നും തനിക്ക് ബാല്യത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ്,എഴുത്തുകാരിയും, “അമ്മീമ്മക്കഥ”കളിലൂടെ പ്രശസ്തയുമായ തിരുവനന്തപുരം സ്വദേശി “എച്മുകുട്ടി” കവി അയ്യപ്പനിൽ നിന്നും തനിക്കു നേരിട്ട ലൈഗിംകചൂഷണം പങ്കുവെച്ചത്.അവർ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിക്കുന്നു;

“”പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാൻ കോളേജില്‍ പോയി പഠിക്കാന്‍ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല. പാഡുവെച്ച ബ്രാ ധരിച്ചും സാരിയില്‍ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കുര്‍ കഴിയുമ്പോഴെക്കും മാറിടങ്ങള്‍ ചുരക്കും. എനിക്കാകെ മുലപ്പാലിന്‍റെയും കുഞ്ഞിന്‍റെയും മണമായിത്തീരും.

ആയിടയ്ക്ക് ഒരു നാള്‍ മദ്യപിച്ച് ഉന്മത്തനായ കവി എൻറെ ക്ലാസ് മുറിയിലേക്കെത്തിച്ചേര്‍ന്നു. ഏതോ ഒരു അധ്യാപകനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോള്‍ എന്തു പറ്റിയെന്നറിഞ്ഞില്ല. കവി വിഷമമേതും കൂടാതെ എൻറെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോൾ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറും പാല്‍ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളര്‍ന്ന് നാണം കെട്ടുപോയ എൻറെ
ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു.

എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നല്‍കി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി. അങ്ങനെ കവി
വീണ്ടും വന്നു.

അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. കവി വെള്ളം കുടിക്കാന്‍ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്‍റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എൻറെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല

കവി അയ്യപ്പനോട് യാതൊരു ബഹുമാനവും എനിക്ക് തോന്നീട്ടില്ല. എല്ലാവരും കവിയെ ആഘോഷിക്കുമ്പോൾ ഞാൻ എന്നും മൗനിയായിരുന്നു. കള്ളുകുടിയും അലഞ്ഞുതിരിയലും പെൺകൂട്ടുകാരും വിപ്ലവവും അരാജകത്വവും എന്നൊക്കെ പറഞ്ഞറിയുമ്പോഴും എനിക്ക് ആദരവൊന്നും തോന്നീട്ടില്ല””

തെരുവിന്റെ കവി എന്നു പേരുകേട്ട അയ്യപ്പൻ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെ,അതിലളിതമായി ബിംബവത്ക്കരിച്ച് സാധാരണജനതയിലേയ്ക്കെത്തിക്കുന്നതിൽ സമർത്ഥനായിരുന്നു.അതിനാൽതന്നെ ജനമനസ്സുകളിൽ താരപരിവേഷം നേടിയെടുക്കാൻ കവിയ്ക്ക് കഴിഞ്ഞിരുന്നു.തങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹത്തിന്റെ പ്രതിച്ഛായ തകർന്നു വീണ നടുക്കത്തിലാണ് അയ്യപ്പകവിതകളുടെ ആരാധകർ!
സൃഷ്ടിയും സൃഷ്ടാവും രണ്ടാണെന്ന യാഥാർത്ഥ്യമാണ് ഇത്തരം വെളിപ്പെടുത്തലുകളിലൂടെ ബോധ്യമാവുന്നത്.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശിയായിരുന്ന അയ്യപ്പൻ മദ്യലഹരിയിലെഴുതിയ ജീവിതഗന്ധിയായ കവിതകളിലൂടെ ജനപ്രിയനായി മാറുകയായിരുന്നു.”വെയിൽ തിന്ന പക്ഷികൾ,പ്രവാസികളുടെ ഗീതം,ഗ്രീഷ്മവും കണ്ണീരും,ചിറകുകൾ കൊണ്ടൊരു കൂട്”എന്നിവയാണ് പ്രധാനകൃതികൾ.2010 ഒക്ടോബർ 21 തമ്പാനൂരിലെ വഴിയോരത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button