ശ്രീനഗര്‍ ; സ്‌കൂളുകളിലെ ലൈബ്രറികളിലേക്ക് ഭഗവദ് ഗീതയും രാമായണവും വാങ്ങണമെന്ന വിജ്ഞാപനം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. തിങ്കളാഴ്ച്ചയായിരുന്നു സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കുലര്‍ അയച്ചത്.
ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും ഉര്‍ദു പരിഭാഷകള്‍ സ്‌കൂളുകളിലെ ലൈബ്രറികളില്‍ ലഭ്യമാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ തന്നെ ഈ ഉത്തരവ് പിന്‍വലിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങുകയും ചെയ്തു.
ഉന്നത വിദ്യാഭ്യാസവകുപ്പ്, ഡയറക്ടര്‍ കോളേജുകള്‍, ഡയറക്ടര്‍ ലൈബ്രറികള്‍, മറ്റ് സാംസ്‌കാരിക വകുപ്പുകള്‍ എന്നിവിടങ്ങളില്‍ ഗീതയും രാമായണവും എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ശ്രീ സര്‍വാനന്ദ പ്രേമി രചിച്ച ശ്രീമദ് ഭഗവ്ത് ഗീതയും കൊശൂര്‍ രാമായണവുമാണ് ലൈബ്രറികളിലേക്ക് നിര്‍ദേശിക്കപ്പെട്ടത്.
അതേസമയം ഇത്തരത്തിലൊരു ഉത്തരവ് മറ്റ് മതങ്ങളെ നിരാകരിച്ചാണ് സര്‍ക്കാര്‍ ഇറക്കിയതെന്ന ആരോപണം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു. മതപരമായ പുസ്തകങ്ങള്‍ ലൈബ്രറികളില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അത് എന്തിനാണ് തെരഞ്ഞെടുത്ത പുസ്തകങ്ങളാക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചോദ്യം ചെയ്തിരുന്നു. അതേസമയം സര്ക്കുലര്‍ പിന്‍വലിച്ച നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.
Post Your Comments