
പത്തനംതിട്ട : ശബരിമല ക്ഷേത്ര ശ്രീകോവിലിനുള്ളിലെ വീഡിയോ ദൃശ്യം പുറത്തായ സംഭവത്തില്‍ അന്വേഷണം തുടങ്ങി. ശബരിമലയില്‍ ഫോട്ടോഗ്രാഫിയും മൊബൈലും ഹൈക്കോടതി കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും ഇവിടെ നിന്നുള്ള വീഡിയോ പുറത്തായ സംഭവത്തില്‍, പൊലീസും ദേവസ്വം വിജിലന്‍സുമാണ് അന്വേഷണം ആരംഭിച്ചത്.
സോപാനം ജോലിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും പൊലീസിന്റെയും ജാഗ്രതക്കുറവാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇടയാക്കിയത്. ഇത് സുരക്ഷാ വീഴ്ചയായാണ് പൊലീസ് വിലയിരുത്തുന്നത്. ചിത്രം പകര്‍ത്തിയവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.
തുലാമാസ പൂജയ്ക്ക് നട തുറന്ന 17 ന് വൈകീട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് നിഗമനം. ശ്രീകോവിലിന് തൊട്ടു മുൻപില് നിന്നാണ് ദൃശ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് ശ്രീകോവിലിന് ഉള്‍വശവും വിഗ്രഹവും വ്യക്തമായി കാണുന്ന തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. മൊബൈല്‍ഫോണിന്റെ ക്യാമറ ഓണാക്കിയശേഷം ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ശബരിമല ക്ഷേത്രം, പതിനെട്ടാംപടി, മാളികപ്പുറം ക്ഷേത്രം എന്നിവിടങ്ങളില്‍ ഫോട്ടോഗ്രാഫിക്ക് നിരോധനമുണ്ട്.
Post Your Comments