തിരുവനന്തപുരം: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലുള്ള മത്സ്യ-മാംസ മാര്‍ക്കറ്റ് എന്ന അടിക്കുറിപ്പോടെ വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ആ വിഡിയോ വുഹാന്‍ മാര്‍ക്കറ്റിന്റേതല്ല. കൊറോണ വൈറസും വുഹാനുമൊക്കെ വാര്‍ത്തയില്‍ വരുന്നതിന് മുന്‍പേ ഇന്റര്‍നെറ്റിലുണ്ടായിരുന്ന വീഡിയോ ആണിപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയില്‍ കാണുന്നത് ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലുള്ള ലാങ്കോവന്‍ മാര്‍ക്കറ്റ് ആണ്. വുഹാനിലെ മാര്‍ക്കറ്റില്‍ മയില്‍ മുതല്‍ മുതല വരെയും എലി മുതല്‍ പാമ്പു വരെയും വില്‍ക്കാനുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് തെറ്റായ വീഡിയോ ആണ്. ഈ മാര്‍ക്കറ്റിലും വന്യമൃഗങ്ങളെയടക്കം വറുത്തതും പൊരിച്ചതുമൊക്കെ വാങ്ങാന്‍ കിട്ടും.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്ക പരത്തുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കര്‍ശന നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൊണ്ട വരണ്ടാല്‍, 10 മിനിറ്റ് കൊണ്ട് കൊറോണ വൈറസ് ബാധയേല്‍ക്കുമെന്നതടക്കം കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടേതെന്ന പേരില്‍ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രവഹിച്ചതോടെയാണു നടപടി. സമൂഹമാധ്യമങ്ങളിലടക്കം തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും നിര്‍ദേശിച്ചു.
Post Your Comments