Latest NewsEditorial

വിശ്വാസം ജയിച്ച അഞ്ച് നാളുകള്‍ : മണ്ഡലകാലം ശബരിമലയ്ക്ക് സമാധാനത്തിന്റേതാകുമോ

ചരിത്രത്തില്‍ ഇതുവരെ കാണാത്ത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടയ്ക്കുകയാണ്. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മല ചവിട്ടാമെന്ന സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്ന പിണറായി സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയാണ് ശബരിമലയില്‍ പ്രതിഷേധാഗ്നി ആളികത്തിച്ചതെന്ന് ഉറപ്പിച്ചുപറയാം. ഇക്കഴിഞ്ഞ അഞ്ച് ദിവസവും ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും , പമ്പയിലും ഒരുക്കിയിരുന്നത്. ഭക്തജനങ്ങളുടെ പ്രതിഷേധ സമരം അക്രമാസക്തമായതോടെ നിലയ്ക്കല്‍ ഉള്‍പ്പെടെ നാലിടത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. അമ്പത് വയസില്‍ താഴെ പ്രായമുള്ള ഒരു സ്ത്രീയേയും കടത്തിവിടില്ലെന്ന ദൃഡനിശ്ചയത്തില്‍ കാനനപാതയില്‍ വിശ്വാസികളായ പ്രതിഷേധക്കാര്‍ കാവലിരിക്കുകയാണ് ഇപ്പോഴും. കഴിഞ്ഞ ദിവസം അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് പലയിടത്തായി ഭക്തര്‍ തടഞ്ഞുവച്ചത്. ഇവരെല്ലാവരും ആന്ധ്രയില്‍ നിന്നുള്ള ഒറ്റ തീര്‍ഥാടക സംഘത്തില്‍പ്പെട്ടവരായിരുന്നു. ഇവരില്‍ ഒരാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സ്ഥിതിയുമുണ്ടായി.

ആശങ്കയോടെ പൊലീസ് മേധാവിയും

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധങ്ങള്‍ ഇതേനിലയ്ക്ക് തുടര്‍ന്നാല്‍ വരുന്ന മണ്ഡലമകരവിളക്ക് കാലം പൊലീസിന് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ കൂടുതല്‍ എത്തുമെന്ന് ഉറപ്പുള്ളതിനാല്‍ സജ്ജീകരണങ്ങള്‍ പോരാതെവരുമെന്നും യുവതികളെ പൊലീസ് കാവലില്‍ മലകയറ്റുക പ്രായോഗികമാകില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. മണ്ഡലകാലത്തിനുമുമ്പ് പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ അത് ശബരിമലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. ശാന്തമായി ശരണം വിളിച്ച് പ്രതിഷേധിക്കുന്ന ഭക്തര്‍ക്കെതിരൈ ഒറു നടപടിയ്ക്കും നിലവിലെ സാഹചര്യത്തില്‍ പൊലീസിന് കഴിയില്ല. പമ്പയിലും ശരണപാതയിലും സന്നിധാനത്തുമുള്ള ആയിരക്കണക്കിന് ഭക്തരാണ് ജീവന്‍ കൊടുത്തും ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് പമ്പയിലേക്കും മറ്റു എത്തിക്കൊണ്ടിരിക്കുന്നത്.

ബോധ്യപ്പെടുമോ വിശ്വാസത്തിന്റെ കരുത്ത്

പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നിശബ്ദരാക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിപ്പോയതോടെ ഇനി എന്ത് മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് അറിയേണ്ടത്. ലിംഗസമത്വമല്ല വിശ്വാസമാണ് വലുതെന്ന് ഇനിയും സര്‍ക്കാരിന് ബോധ്യപ്പെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോകുകയേ ഉള്ളു. ഇക്കാര്യം ഇന്റലിജന്‍സ് വൃത്തങ്ങള്‍ കൃത്യമായും അധികാരികളെ അറിയിച്ചുകഴിഞ്ഞു. ഇതുവരെ വന്ന യുവതികളില്‍ ഭൂരിഭാഗവും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമായിരുന്നു. വാര്‍ത്ത സൃഷ്ടിക്കാന്‍വേണ്ടി വരുന്നവര്‍ക്ക് സൗകര്യവും സംരക്ഷണവും തുടര്‍ച്ചയായി ഒരുക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പൊലീസ്. തുലാമാസപൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഒരു ഐ.ജി.യും മൂന്ന് എസ്.പി.മാരുമാണ് സുരക്ഷാച്ചുമതല നിര്‍വഹിച്ചത്. പ്രതിഷേധം ശക്തമായതോടെ ഒരു ഐ.ജി.കൂടി പമ്പ, സന്നിധാനം ചുമതലയിലേക്ക് വന്നു. 2000 പൊലീസുകാരെയാണ് ആദ്യം നിശ്ചയിച്ചതെങ്കില്‍ പിന്നീടത് 4000 ആക്കി. എന്നിട്ടും സ്വാമി ശരണം വിളിച്ച് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ നോക്കിനില്‍ക്കാനേ പൊലീസിന് കഴിഞ്ഞുള്ളു. മണ്ഡലമകരവിളക്ക് കാലത്തും ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലുമെത്തിയാല്‍ നിലവിലെ പ്രതിഷേധമായിരിക്കില്ല സംജാതമാകാന്‍ പോകുന്നതെന്ന മുന്നറിയിപ്പും നാലുഭാഗത്തുനിന്നുമുണ്ട്.

കാണിക്ക കുറയുന്നത് ദേവസ്വംബോര്‍ഡിന് ക്ഷീണം

അതേസമയം ദേവസ്വംബോര്‍ഡിന് നന്നേ ക്ഷീണമുണ്ടാക്കുന്ന പ്രത്യാഘാതം കൂടി ശബരിമലയില്‍ നിന്ന് പ്രതീക്ഷിക്കണം. ഇപ്പോള്‍ തന്നെ ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവുണ്ടായിക്കഴിഞ്ഞു. ഭണ്ഡാരത്തില്‍നിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ പേപ്പറുകളാണ് കൂടുതലായും ലഭിക്കുന്നത്. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതല്‍ നാലുദിവസത്തെ കാണിക്ക വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം രൂപ ഇത്തവണ കുറവാണ്. മണ്ഡലമകരവിളക്ക് കാലത്തും വരുമാനത്തില്‍ കുറവുണ്ടായാല്‍ അത് ദേവസ്വം ബോര്‍ഡിന്റെ മുഴുവന്‍ വരുമാനത്തെയും സാരമായി ബാധിക്കും. ഇതിനിടെ തന്ത്രിമാരെയും രാജകുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മന്ത്രിമാരില്‍ നിന്നുള്‍പ്പെട ഉണ്ടാകുന്നതും സര്‍ക്കാരിനെതിരെ തിരിയാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ്.

രഹ്ന ഫാത്തിമയെപ്പോലൊരു നിരീശ്വരവാദിയെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെന്ന ആരോപണവും വന്‍പ്രതിഷേധത്തിനാണ് ഇടവരുത്തിയിരിക്കുന്നത്.

നിര്‍ണായകമാകുന്നത് സുപ്രീംകോടതി നിലപാട്

അതേസമയം ലിംഗസമത്വത്തിന് പ്രാധാന്യം നല്‍കി ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് മല കയറാം എന്ന സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ അടിയന്തരപ്രാധാന്യത്തോടെ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂജ അവധിക്ക് ശേഷം കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു എന്നത് ആശ്വാസകരമാണ്. എന്തായാലും സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസങ്ങളാണ് കഴിഞ്ഞുപോയിരിക്കുന്നത്. ഇനി അടുത്ത തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഇതേ അവസ്ഥ ഒരു കാരണവശാലും ഉണ്ടാകാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ശ്രദ്ധിച്ചേ തീരൂ. അതിന് ഉതകുന്ന നടപടി എന്താണെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാത്ത പക്ഷം ശബരിമല കേരളത്തിന്റെ ഉറക്കം കെടുത്തുമെന്ന് ഉറപ്പ്. പരിപാവനമായ ഒരു ക്ഷേത്രത്തിന്റെ പേരില്‍ മനുഷ്യര്‍ ശത്രുക്കളായി പര്‌സപരം പോരടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തവും നിലവില്‍ പിണറായി സര്‍ക്കാരിന് മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button