ചെങ്ങന്നൂര്‍: ട്രെയിനില്‍ ശബരിമലയിലേക്ക് പോകാന്‍ യുവതികള്‍ എത്തുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. യുവതികള്‍ എത്തിയാല്‍ തടയാന്‍ അയ്യപ്പഭക്തരും സംരക്ഷണം നല്‍കാന്‍ പൊലീസും എത്തിയതോടെ പരിസരം മുള്‍മുനയിലായിരുന്നു. ശബരിമല കര്‍മസമിതി ഉള്‍പ്പെടെയുള്ള സംഘടനകളിലെ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയിരുന്നു.
പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ ആര്‍പിഎഫ് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സിഐ. എം.സുധിലാലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിക്കുകയായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള ശബരി എക്‌സ്പ്രസില്‍ 15 യുവതികള്‍ ശബരിമലയിലേക്ക് വരുന്നെന്നും ചെങ്ങന്നൂരിലിറങ്ങി നിലയ്ക്കല്‍ വഴി പോകുമെന്നുമുള്ള വാട്‌സാപ് സന്ദേശം പ്രചരിച്ചതോടെയാണ് പ്രതിഷേധക്കാര്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ വൈകിട്ട് 4.30ന് ട്രെയിന്‍ കടന്നുപോയിട്ടും ആരും എത്താതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും പിരിഞ്ഞു പോവുകയായിരുന്നു.
Post Your Comments