KeralaLatest News

വയസ്സാണോ ആര്‍ത്തവമാണോ വ്രതമാണോ ശബരിമലയില്‍ കയറുന്നതിന് തടസ്സം? സുനിത ദേവദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഗര്ഭപാത്രമില്ലാത്തതിനാല്‍ ആര്‍ത്തവം വരില്ലല്ലോ? തുടങ്ങിയ സംശയങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ സുനിത ചോദിക്കുന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമാവുകയാണ്. നിരവധി പേര്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസും വിഷയത്തില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

10 വയസ്സിനു മുന്‍പ് ആര്‍ത്തവം തുടങ്ങുന്ന പെണ്‍കുട്ടികള്‍ ഇല്ലേ ? 50 വയസ് ആയിട്ടും ആര്‍ത്തവം നിലക്കാത്ത സ്ത്രീകളും ഇല്ലേ? അവര്‍ക്ക് അപ്പോള്‍ ആര്‍ത്തവം നോക്കാതെ വയസ്സു മാത്രം നോക്കി ശബരിമലയില്‍ കയറാമോ? വയസ്സാണോ ആര്‍ത്തവമാണോ വ്രതമാണോ ശബരിമലയില്‍ കയറുന്നതിനു തടസ്സം? ആര്‍ത്തവമാണ് എങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും ശബരിമലയില്‍ കയറാമോ? അവര്‍ക്ക് ഗര്ഭപാത്രമില്ലാത്തതിനാല്‍ ആര്‍ത്തവം വരില്ലല്ലോ? തുടങ്ങിയ സംശയങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ സുനിത ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ട്രാന്‍സ് വനിതകള്‍ക്ക് ശബരിമലയില്‍ കയറാമോ?

വീഡിയോ കണ്ടിട്ട് സംഘ്പരിവാറുകാര്‍ ചില സജന്‍ഷന്‍സ് പറഞ്ഞിട്ടുണ്ട്. അതിലൊന്ന് പൊട്ടു തൊടണം എന്നതാണ്. രണ്ടാമത്തേത് മുടി കെട്ടി വക്കണം എന്നും. എന്ന് വച്ചാല്‍ എന്നെയൊരു ആധുനിക കുലസ്ത്രീയായി കാണാനാണ് അവര്‍ക്ക് ആഗ്രഹം എന്ന്.
എന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ ഒരുങ്ങിയിട്ടുണ്ട്.

(വീഡിയോയുടെ ടെക്സ്റ്റ് ആണ്. വീഡിയോ കാണുന്നവര്‍ വായിക്കേണ്ട )

സംഘ്പരിവാറുകാര്‍ പറയുന്നത് ശബരിമലയിലും കുലസ്ത്രീകള്‍ മാത്രം കയറിയാല്‍ മതിയെന്നാണോ ? അതോ കുലസ്ത്രീകള്‍ കയറരുതെന്നാണോ?
കുലസ്ത്രീകള്‍ എന്നാല്‍ പത്തിനും 50 നും ഇടക്ക് പ്രായമുള്ളവര്‍ ആണോ? അതോ ശബരിമലയില്‍ കയറുന്നവരോ?
ഇന്നലെ ശബരിമലയില്‍ തൊഴാനെത്തിയ ഒരു സ്ത്രീയെ കണ്ടു ഭക്തന്മാര്‍ക്ക് പ്രായം സംശയം തോന്നിയിട്ട് എന്തോ രേഖ നോക്കി പ്രായം 50 ആയെന്ന് ഉറപ്പാക്കിയിട്ടാണത്രെ കടത്തി വിട്ടത്.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്ന ചില സംശയങ്ങള്‍ ചോദിച്ചോട്ടെ ?

10 വയസ്സിനു മുന്‍പ് ആര്‍ത്തവം തുടങ്ങുന്ന പെണ്‍കുട്ടികള്‍ ഇല്ലേ ? 50 വയസ് ആയിട്ടും ആര്‍ത്തവം നിലക്കാത്ത സ്ത്രീകളും ഇല്ലേ?
അവര്‍ക്ക് അപ്പോള്‍ ആര്‍ത്തവം നോക്കാതെ വയസ്സു മാത്രം നോക്കി ശബരിമലയില്‍ കയറാമോ?
വയസ്സാണോ ആര്‍ത്തവമാണോ വ്രതമാണോ ശബരിമലയില്‍ കയറുന്നതിനു തടസ്സം?
ആര്‍ത്തവമാണ് എങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും ശബരിമലയില്‍ കയറാമോ?
അവര്‍ക്ക് ഗര്ഭപാത്രമില്ലാത്തതിനാല്‍ ആര്‍ത്തവം വരില്ലല്ലോ?

ട്രാന്‍സ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമോ?
നമ്മുടെ ശീതള്‍ ശ്യാം, സൂര്യ ഇഷാന്‍, ശ്യാമ എസ് പ്രഭ എന്നിവര്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് അവര്‍ ധരിക്കുന്ന സ്ത്രീ വേഷത്തില്‍ ശബരിമലയില്‍ കയറാന്‍ കഴിയുമോ?

സൂര്യ ഇഷാന്‍ ശബരിമലയില്‍ എത്തിയാല്‍ സംഘികള്‍ തടയുമോ?
ഇല്ലെങ്കില്‍ സൂര്യ ഇന്ന് തന്നെ ശബരിമലയില്‍ പോകു. ചരിത്രത്തിലേക്ക് നടന്നു കയറുന്ന ആ സ്ത്രീ സൂര്യ ആവുന്നത് കാണാന്‍ എനിക്കും ഇഷ്ടമാണ്.
സൂര്യാമ്മ ഉമ്മ.

41 ദിവസത്തെ വ്രതമാണ് പ്രധാനം എന്നല്ലേ അപ്പോള്‍ അര്‍ത്ഥം ? അത് പാലിക്കാന്‍ കഴിവുള്ള ആര്‍ക്കും മല ചവിട്ടാം എന്നല്ലേ? വ്രതങ്ങളൊക്കെ ശരീരത്തിനേക്കാളും മനസ്സുമായി ബന്ധപ്പെട്ടതല്ലേ ?

സ്ത്രീകള്‍ക്ക് വേണമെങ്കില്‍ വ്രതമെടുക്കാന്‍ പറ്റും. ആര്‍ത്തവം നീട്ടി വക്കാന്‍ ഗുളിക കഴിച്ചു വ്രതം പൂര്‍ത്തിയാക്കാം.
അതിലേറെ പ്രധാനപ്പെട്ട ഒരു കാര്യം ചോദിച്ചോട്ടെ ? സ്ത്രീ പീഡനങ്ങള്‍ നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്
‘ ആണുങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ആണുങ്ങള്‍ക്ക് വികാരങ്ങളുടെ മേലെ അങ്ങനെ കണ്‍ട്രോള്‍ ഒന്നും ഉണ്ടാവില്ല. നിങ്ങള്‍ തുണിയില്ലാതെയും ശരീരം പ്രദര്‍ശിപ്പിച്ചും രാത്രിയിലുമൊക്കെ ഇറങ്ങി നടന്നാല്‍ ആത്മനിയന്ത്രണം പാലിക്കാന്‍ കഴിയാത്ത പുരുഷന്മാര്‍ പീഡിപ്പിച്ചു പോകുമെന്ന്.’

ആ തത്വം അപ്പൊ ഇവിടെ ബാധകമല്ലേ ? പുരുഷന്മാരേക്കാള്‍ ആത്മനിയന്ത്രമുള്ളവരാണല്ലോ സ്ത്രീകള്‍. അപ്പൊ സ്ത്രീകളുടെ വ്രതമല്ലേ മികച്ചത്? അവര്‍ക്ക് മനസ്സു കൊണ്ട് പോലും വ്രതത്തില്‍ ഉറച്ചു നില്ക്കാന്‍ കഴിയും .

ഇനി സ്ത്രീകള്‍ ചെന്നാല്‍ പുരുഷന്മാരുടെ വ്രതത്തിന് ഭംഗമുണ്ടാവും എന്നാണെങ്കില്‍ പുരുഷന്മാര്‍ മാറി നില്‍ക്കട്ടെ. പട്ടി കടിക്കുമെങ്കില്‍ നമ്മള്‍ പട്ടിയെ അല്ലെ കെട്ടിയിടുക? അല്ലാതെ മനുഷ്യനെ ആണോ കെട്ടിയിടാറു?

അടുത്ത ചോദ്യം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ കുറിച്ചാണ്. യൗവ്വനയുക്തകളായ സ്ത്രീകളെ കാണുന്നതാണല്ലോ അയ്യപ്പന് ഇഷ്ടമില്ലെന്നു തന്ത്രിയും രാഹുല്‍ ഈശ്വറും പറയുന്നത്. അപ്പൊ 50 വയസ്സു കഴിഞ്ഞ സ്ത്രീകളുടെ യൗവനം തീര്‍ന്നെന്നു ഇവര്‍ കരുതുന്നുണ്ടോ?

ലൈംഗികത ആണ് വിഷയമെങ്കില്‍ 50 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്കും ആര്‍ത്തവവും സൗന്ദര്യവും യൗവനവും തുടങ്ങി ഒരു പെണ്ണിനുള്ള എല്ലാം ഉണ്ടാവാമല്ലോ.

നൈഷ്ഠിക ബ്രഹ്മചര്യം എന്നാല്‍ മനുഷ്യ ശരീരത്തില്‍ നിന്നുള്ള വിവിധ സ്രവങ്ങള്‍ വ്രതത്തിലൂടെയും കഠിന നിഷ്ഠയിലൂടെയും ഒഴിവാക്കി ശുദ്ധരായി ബ്രഹ്മചര്യം പാലിച്ച് ഇരിക്കുക എന്നതല്ലേ ?

അത് ആണിനും പെണ്ണിനും വ്രതത്തിലൂടെ പറ്റുന്ന കാര്യമാണല്ലോ?
ആര്‍ത്തവ സമയത്തു പോലും മനസ്സു കൊണ്ട് വ്രതം നോല്‍ക്കാം . ഇനി ആര്‍ത്തവം ഒഴിവാക്കി വ്രതമെടുക്കണമെങ്കില്‍ അതും ചെയ്യാം.

അപ്പൊ ശരിക്കും പെണ്ണുങ്ങള്‍ക്ക് ശബരിമലയില്‍ കയറാനുള്ള തടസ്സം എന്താണ്?
ആര്‍ത്തവം?
ഗര്‍ഭപാത്രം?
യൗവനം ?
ലൈംഗികത ?
സൗന്ദര്യം ?
എന്താണ് നൈഷ്ഠിക ബ്രഹ്മചര്യത്തിനു തടസ്സം?

ഒന്ന് കൂടി ചോദിച്ചോട്ടെ ? ഇപ്പോ ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ നില്‍ക്കുന്ന എത്ര പുരുഷന്മാര്‍ വ്രതമെടുത്തവരാണ്? 41 വ്രതം ആണുങ്ങള്‍ക്ക് ബാധകമല്ലേ?

ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറുന്നത് തടയാന്‍ കാവല്‍ നില്‍ക്കുന്ന സംഘ പരിവാര്‍ ഗുണ്ടകള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയാല്‍ കുറെ സ്ത്രീകള്‍ക്ക് മല ചവിട്ടാമായിരുന്നു.

ഉത്തരം കിട്ടിയാല്‍ മല ചവിട്ടാന്‍ പോകുന്ന ഭക്തരായ സ്ത്രീകള്‍ ഇവരൊക്കെ ആയിരിക്കും
1 . 50 കഴിഞ്ഞിട്ടും ആര്‍ത്തവമുള്ളവര്‍
2 . ട്രാന്‍സ് വനിതകള്‍
3 . ഗര്‍ഭ പാത്രം നീക്കം ചെയ്തവര്‍
4 . 50 വയസ്സായെന്നുള്ള വ്യാജ ജനന സര്‍ട്ടിഫിക്കറ്റുള്ളവര്‍
5 . ഗര്ഭമുള്ള സ്ത്രീകള്‍ (അവര്‍ക്ക് ആര്‍ത്തവമില്ലല്ലോ )
6 . ഗുളിക കഴിച്ചു ആര്‍ത്തവം നീട്ടി 41 നോമ്പെടുക്കുന്നവര്‍

ഭക്തിയില്‍ യുക്തിക്ക് സ്ഥാനമില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇതൊക്കെ ചോദിക്കുന്നത്. കാരണം മനുഷ്യ ജീവിതത്തില്‍ യുക്തിക്ക് വലിയ സ്ഥാനമുണ്ട്.

ഉത്തരം കിട്ടുമോ? ആരെങ്കിലും ഉത്തരം പറയാമോ?
ഉത്തരത്തിനു കാത്തു നില്‍ക്കുന്നു. അതോ ഇതിനു വ്യക്തത കിട്ടാനും സുപ്രീം കോടതിയില്‍ പോകേണ്ടി വരുമോ?
Sunitha Devadas

shortlink

Related Articles

Post Your Comments

Related Articles


Back to top button