അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ വിചിത്രമായ പ്രചാരണരീതിയുമായി ജില്ലാഭരണകൂടം. മദ്യക്കുപ്പികള്‍ക്ക് മേല്‍
വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെടുന്ന സ്റ്റിക്കറുകള്‍ സ്ഥാപിച്ചായിരുന്നു പ്രചാരണം.
എന്നാല്‍ ഇത് നടപ്പിലാക്കി ദിവസങ്ങള്‍ക്കകം തന്നെ ആശയം പിന്‍വലിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ജില്ലാ ഭരണകേന്ദ്രത്തില്‍ നിന്നാണ് പ്രാദേശിക മദ്യഷോപ്പുകളില്‍ സ്റ്റിക്കറുകള്‍ വിതരണം ചെയ്തത്. വ്യവസ്ഥാപിത വോട്ടര്‍മാരുടെ വിദ്യാഭ്യാസവും, തിരഞ്ഞെടുപ്പ് പങ്കാളിത്തവും ഉറപ്പാക്കാനുള്ള പദ്ധതിപ്രകാരമായിരുന്നു സ്റ്റിക്കര്‍ വിതരണം. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു മദ്യക്കുപ്പികളിലൂടെ അവബോധ ശ്രമം. എക്സൈസ് വകുപ്പില്‍ നിന്നും ഇത് സംബന്ധിച്ച നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി കട ഉടമകളും സമ്മതിക്കുന്നുണ്ട്.
എന്നാല്‍ ഇത്തരത്തിലൊരു ആശയം നടപ്പിലാക്കി ദിവസങ്ങള്‍ക്കകം തന്നെ അത് പിന്‍വലിക്കുകയായിരുന്നു. കൃത്യമായ കാരണം വ്യക്തമാക്കാതെയാണ് സ്റ്റിക്കറുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിരിക്കുന്നത്. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്ന പരിപാടിയുടെ ഭാഗമായാണ് തീരുമാനം എടുത്തതെന്നും എന്നാല്‍ ഇതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അഭിഷേക് തിവാരി പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11 നാണ് ഫലപ്രഖ്യാപനം.
Post Your Comments