പമ്പ: ശബരിമല സ്ത്രീ പ്രവേശനവിഷയം വൻ വിവാദമായി മാറുകയാണ്. ശബരിമല ദർശനത്തിനായി സ്ത്രീകൾ എത്തുന്നുണ്ടെങ്കിലും അയ്യപ്പനെ കാണാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഓരോ സ്ത്രീയേയും പരിശോധിച്ച ശേഷമാണ് കാനനപാതിയിലുള്ള ഭക്തർ കടത്തി വിടുന്നത്. വയസ് തെളിയിക്കാനുള്ള രേഖകളും ഇവർ നോക്കുന്നുണ്ട്. ആചാരങ്ങൾ പാലിക്കാനുള്ള ഭക്തരുടെ ശ്രമത്തെ പോലീസും തടയുന്നില്ല എന്നതാണ് ശ്രദ്ധേയം. ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്നാണ് പൊലീസ് ഇപ്പോഴും പരസ്യമായി പറയുന്നത്. എന്നാല്‍ യുവതികളെ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചയക്കണമെന്ന അനൗദ്യോഗിക സന്ദേശമാണ് പമ്പയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. പൊലീസിനെതിരെ വിശ്വാസികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന.
അതേസമയം രാവിലെ ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികൾ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ആന്ധ്രാ സ്വദേശികളായ വാസന്തി, ലാക്ഷ്മി എന്നിവരാണ് എത്തിയത്. മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് ഭക്തർ ഇവരോട് ആധാർ കാർഡ് ആവശ്യപ്പെട്ടു. തുടർന്ന് ഭക്തർ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. ഒടുവിൽ പൊലീസെത്തി യുവതികളെ പമ്പാ ഗാർഡ് റൂമിലേക്ക് മാറ്റി. മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ സന്നിധാനത്തും പമ്പയിലും ഉണ്ടാകും. ഈ സമയത്ത് കടന്ന് പമ്പ കടന്ന് ഗണപതി കോവിലില്‍ വരെ പോലും സ്ത്രീകൾക്ക് എത്താൻ കഴിയില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. രഹ്നാ ഫാത്തിമ ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് യൂണിഫോമും ഹെല്‍മറ്റും സുരക്ഷക്കായി നല്‍കിയത് വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. അതുകൊണ്ടുതന്നെ സന്നിധാനത്ത് ഇനി സംഘർഷത്തിലേക്ക് നയിക്കുന്നതൊന്നും ചെയ്യേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
Post Your Comments