ന്യൂഡല്‍ഹി:മൊബൈല്‍ സിം കാര്‍ഡ് കണക്ഷനുകള്‍ എടുക്കുന്നതിനായി പുതിയ നടപടിക്രമങ്ങളൊരുക്കാന്‍ സര്‍ക്കാര്‍. സുപ്രീം കോടതി വിധിയില്‍ ആധാര്‍ അധിഷ്ഠിത ഇ-കെവൈസി തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഈ സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഒരു മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്തി പുതിയ ‘ഡിജിറ്റല്‍ നടപടിക്രമം’ കൊണ്ടുവരുമെന്ന് ടെലികോം വകുപ്പും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഈ സംവിധാനം ഉപയോഗിച്ച് കണക്ഷനുകള്‍ അനുവദിക്കുമ്പോള്‍ ഉപയോക്താവിന്റെ ചിത്രം തത്സമയം പകര്‍ത്തുകയും, അതേസമയം അയാളുടെ സ്ഥാനം നിര്‍ണയിക്കുന്ന അക്ഷാശം, രേഖാംശം, സമയം എന്നിവയും ചിത്രത്തോടൊപ്പം രേഖപ്പെടുത്തുന്നു. പിന്നീട് ഒടിപിയുടെ അടിസ്ഥാനത്തില്‍ സിംകാര്‍ഡ് ഏജന്റിനെ തിരിച്ചറിയുകയും സിംകാര്‍ഡ് അനുവദിക്കുകയും ചെയ്യുന്നു.
കൂടാതെ മൊബൈല്‍ നമ്പറുകള്‍ ഡിസ്‌കണക്റ്റ് ആയിട്ടില്ലെങ്കില്‍ ഡിജിറ്റള്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതോടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചവര്‍ക്ക് അത് പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകും. ഇതിനുവേണ്ടി ഉപയോക്താവിന് അവരുടെ ടെലികോം സേവനദാതാക്കളുമായി ബന്ധപ്പെടണം.
Post Your Comments