അമൃത്സര്‍: റെയില്‍വെ ട്രാക്കിനടുത്തു വച്ച് ദസറ ആഘോഷങ്ങള്‍ നടത്തുന്നതിനിടെ ട്രെയിന്‍ ഇടിച്ച് 61 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ സംഘാടകര്‍ ഒളിവില്‍. അതേസമയം പ്രാദേശിക കൗണ്‍സിലര്‍ വിജയ് മദന്‍, മകന്‍ സൗരഭ് മദന്‍ മിതു എന്നിവരെ കാണ്മാനില്ലെന്നും സൂചനയുണ്ട്. ഇവരുടെ വീടുകള്‍ ജനക്കൂട്ടം ആക്രമിച്ചിരുന്നു.
അതേസമയം അപകടത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തിനു കാരണക്കാര്‍ ആരെന്ന് ഇത്രനേരത്തേ പറയുക എളുപ്പമല്ലെന്ന് ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) അമൃത്സര്‍ സ്റ്റേഷന്‍ ഓഫിസര്‍ ബല്‍വിര്‍ സിങ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരുടെ പേര് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ക്കും. എഫ്‌ഐആറില്‍ പേരില്ലാത്തതിനാലാണ് ട്രെയിന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചിട്ടും ട്രെയിന്‍ ആളുകള്‍ക്കുമേല്‍ പാഞ്ഞു കയറുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ട്രെയിന്‍ നിന്നതോടെ അക്രമാസക്തരായ ജനക്കൂട്ടം കല്ലേറ് ആരംഭിച്ചതിനാല്‍ യാത്രക്കാരുടെ സുരക്ഷയെ കരുതി ട്രെയിന്‍ മുന്നോട്ടെടുത്തെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.
Post Your Comments