അമൃത്‌സര്‍ : ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെ പേര്‍ മരിച്ചു. ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തില്‍ നിന്നവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ ഇടിച്ചു കയറിയത്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‌സറിലേക്കു വരികയായിരുന്ന ജലന്ധര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്. ഒട്ടേറെ പേര്‍ പാളത്തില്‍ നിന്ന് മൊബൈലുകളില്‍ ആഘോഷച്ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിന്‍ വന്നത് അറിയാത്തതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അഞ്ഞൂറിലധികം പേര്‍ പാളത്തിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
പാളത്തിലേക്ക് ആരും കടക്കാതിരിക്കാന്‍ സമീപത്തെ റെയില്‍വേ ഗേറ്റും അടച്ചിട്ടിരുന്നു. ഇതും ആള്‍ക്കൂട്ടം ചാടിക്കടന്നു. അപകടം നടക്കുന്ന സമയത്തെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Post Your Comments