കോഴിക്കോട്•ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലും പോലീസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് സി പി ഐ യില്‍ നിന്നും രാജി വെച്ച് അംഗങ്ങൾ. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ കോഴിക്കോട്ട് മാനാഞ്ചിറയില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ച സി പി ഐ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സി.സുധീഷും വെസ്റ്റ്ഹില്‍സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ. കണ്ണനും ഉള്‍പ്പെടെ എട്ടുപേരാണ് രാജി വച്ചത്. അതേസമയം സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
സുധീഷ് ഇത് നിഷേധിച്ചിട്ടുണ്ട്. തന്നെ പുറത്താക്കിയിട്ടില്ലെന്നും സ്വമേധയാ രാജിവയ്ക്കുകയാണെന്നും കൂടാതെ രാജിവച്ചുകൊണ്ട് സുധീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സിപിഐ പ്രവര്‍ത്തകര്‍ വരെ ഇക്കാര്യം അറിയുന്നത് എന്നും സുധീഷ് പറഞ്ഞു. സിപിഐയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പുകള്‍ പുറത്തിറിക്കിയിരുന്നില്ല. അതേസമയം ഇതിനു മുമ്പും പലതവണ സംഘടനാവിരുദ്ധമായി സുധീഷ് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് ഏറെ ചര്‍ച്ചയായിരുന്നു.
രാജി അറിയിച്ചുകൊണ്ടുള്ള സുധീഷിന്റെ പോസ്റ്റിന്റെ പൂർണരൂപം:
‘ശബരിമലയിലെ അയ്യപ്പഭക്തന്‍മാരുടെ സഹനസമരത്തെ രാഷ്ട്രീയവല്‍ക്കരിച്ചു കൊണ്ട് പമ്പയിലും നിലക്കലിലും സ്ത്രീകളുള്‍പ്പെടെയുള്ള ഭക്തന്‍മാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് പോലീസ് നടത്തിയ നരനായാട്ട് അപലപനീയവും വേദനാജനകവുമാണ്.
പിറവം ക്രൈസ്തവ ദേവാലയത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധി ഉണ്ടായിട്ടുപോലും വിശ്വാസികളുടെ എതിര്‍പ്പ് കാരണം കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വിധി നടപ്പിലാക്കുന്നത് വൈകിപ്പിച്ച പിണറായി സര്‍ക്കാര്‍ ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കവും ഹൈന്ദവ ആചാരങ്ങളോടും വിശ്വാസപ്രമാണങ്ങളോടും കാണിക്കുന്ന ശത്രുതാ മനോഭാവവും അസഹനീയമാണ്.
അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടില്‍ വിശ്വാസി എന്ന നിലയില്‍ അംഗീകരിക്കാന്‍ സാധ്യമല്ല.
ആയതിനാല്‍ ഈയൊരു നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് ഞങ്ങള്‍ രണ്ടുപേരും ടി.ഷനൂബ്, കെ.ബിനുകുമാര്‍, പി.കെ. ശ്രീലത, പി.വി. സുരേഷ് ബാബു, പി.സരോജം, കെ.പവിത്രന്‍, എം. ഷിംജിത്ത്, പി. സജീവ് എന്നീ പാര്‍ട്ടി അംഗങ്ങളും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും നിരുപാധികം രാജിവെച്ചതായി അറിയിക്കുന്നു. തുടര്‍ന്ന് സ്വതന്ത്രമായ പൊതുപ്രവര്‍ത്തനരംഗത്ത് ശക്തമായി തുടരുന്നതാണ്.’
Post Your Comments