കോഴിക്കോട്: എഴുത്തുകാരനും ബഹുഭാഷാ പണ്ഡിതനും ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്മുൻ എഡിറ്ററുമായിരുന്ന റഹ്മാൻ മുന്നൂർ എന്ന പി.ടി. അബദുറഹ്മാൻ (61) അന്തരിച്ചു.
ഒരേസമയം അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്ന മലയാളത്തിലെ എണ്ണം പറഞ്ഞ വിവർത്തകരിൽ ഒരാളായിരുന്നു. കോഴിക്കോട് ചാത്തമംഗലം മുന്നൂരിൽ തെക്കേക്കാരൻ മുഹമ്മദിന്റെയും ആമിനയുടെയും മകനായി 1956 ഡിസംബർ 22ന് ജനിച്ചു.
ഇസ്ലാമിയ കോളെജിൽനിന്ന് ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് അറബി സാഹിത്യത്തിൽ എം.എയും കരസ്ഥമാക്കി. മലയാളത്തിലെ പ്രമുഖ പുസ്തക പ്രസാധകരായ എെ.പി.എച്ച് എഡിറ്ററായി 2017ൽ വിരമിച്ച അദ്ദേഹം ഇസ്ലാമിക വിജ്ഞാന കോശം അസോ. എഡിറ്റർ, ആരാമം ചീഫ് എഡിറ്റർ, പ്രബോധനം വാരിക സബ് എഡിറ്റർ, ബോധനം ത്രൈമാസിക എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇടക്കാലത്ത് സൗത്ത് വിഷൻ, ധർമധാര തുടങ്ങിയ ദൃശ്യ മാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി. നിരവധി ഒാഡിയോ കാസറ്റുകൾക്ക് ഗാനരചന നടത്തുകയും ടെലിവിഷൻ പരിപാടികൾക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.
Post Your Comments