കൊച്ചി: കൊച്ചുവേളി–ബാനസവാടി (ബെംഗളൂരു) ഹംസഫർ എക്സ്പ്രസ് ശനിയാഴ്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചുവേളി സ്റ്റേഷനിൽ രാവിലെ 10.45നു നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജി.സുധാകരൻ, കടകംപളളി സുരേന്ദ്രൻ തുടങ്ങിയവരും എംപിമാരും പങ്കെടുക്കും. 11നാണ് ഫ്ളാഗ് ഓഫ്.
കൂടാതെ ആദ്യ യാത്രയ്ക്ക് ബുക്കിങ് ആരംഭിച്ചു 52 മണിക്കൂറിനുളളിൽ റിസർവേഷനു ലഭ്യമാക്കിയിരുന്ന 920 ടിക്കറ്റുകളും വിറ്റു തീർന്നു. നിരക്ക് കൂടിയ തേഡ് എസി കോച്ചുകൾ മാത്രമുളള ട്രെയിനായ ഹംസഫർ ട്രെയിനുകൾ മറ്റു സംസ്ഥാനങ്ങളിൽ വലിയ വിജയമാകാത്ത സ്ഥാനത്താണു കേരളത്തിൽ ആദ്യ യാത്രയ്ക്കു തന്നെ ടിക്കറ്റുകൾ മുഴുവൻ വിറ്റു പോയത്.
ബെംഗളൂരുവിലേയ്ക്കു കേരളത്തിൽ നിന്നു കൂടുതൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യം ന്യായമാണെന്നു തെളിയിക്കുന്നതാണ് ടിക്കറ്റ് വിൽപന. തിരുവനന്തപുരം ബെംഗളൂരു സെക്ടറിൽ കനത്ത ഡിമാൻഡ് നിലനിൽക്കുന്നതിനാൽ ദ്വൈവാര ഹംസഫർ എക്സ്പ്രസ് അടിയന്തരമായി പ്രതിദിന സർവീസാക്കി മാറ്റണമെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.
Post Your Comments