റോം: പ്രമുഖ പണ്ഡിതനായ അബ്ദുള്ള യൂസഫ് അലിയുടെ വിശുദ്ധ ഖുറാന്‍ ആഖ്യാനമാണ് ഇറ്റാലിയനിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. ഇസ്ലാമിക തത്ത്വജ്ഞാനത്തിലെ ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൂടെയും മതാന്തര സംവാദങ്ങള്‍ക്കുള്ള സംഭാവനകളിലൂടെയും യൂറോപ്പിന്റെ ശ്രദ്ധനേടിയ പ്രമുഖ മുസ്ലിം മതപണ്ഡിത സെബ്രീന ലേയാണ് വിവര്‍ത്തനം നിര്‍വഹിച്ചത്. ഭര്‍ത്താവും മലയാളി മുസ്ലീം പണ്ഡിതനുമായ അബ്ദുള്ള ലത്തീഫ് ചാലക്കണ്ടിയുടെ സഹായത്തോടെയാണ് വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ‘തവാസുല്‍ യൂറോപ്പ്’ എന്ന സംഘടനയാണ് വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത്.
ആയിരത്തില്‍ പരം പേജുകളുള്ള ഗ്രന്ഥത്തിന്റെ വിവര്‍ത്തനം ഏറെ ശ്രമകരമായിരുന്നു എന്നും ഇറ്റലിപോലുള്ള ഒരു സമൂഹത്തില്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന ഖുര്‍ആന്‍ പരിഭാഷയുടെ അഭാവം ബോധ്യപ്പെട്ടതുകൊണ്ടാണ് ആധികാരികതയില്‍ ആഗോള അംഗീകാരം നേടിയ അബ്ദുല്ല യൂസുഫ് അലിയുടെ കൃതി മൊഴിമാറ്റാന്‍ തീരുമാനിച്ചതെന്ന് സെബ്രീന പറഞ്ഞു. റോം ആസ്ഥാനമായ ഈ സ്വതന്ത്ര ഗവേഷണ സംവാദവേദി ഇതിനകം മുപ്പത് ഇസ്ലാമിക ക്ലാസിക് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുറാന്‍ കോപ്പികള്‍ ഇറ്റലിയിലെ പ്രമുഖ പണ്ഡിതന്‍മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ലൈബ്രറികള്‍ക്കും സമ്മാനിക്കുമെന്നും സാധാരണക്കാര്‍ക്ക് രാജ്യ വ്യാപകമായി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും സെബ്രീന പറഞ്ഞു.
Post Your Comments