ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്നു സിരിസേന പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഫോണ്‍ സംഭാഷണം.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ തന്നെ വധിക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് സിരിസേന കാബിനറ്റ് യോഗത്തിൽ പറഞ്ഞതായാണു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഹയുടെ ഇന്ത്യാ സന്ദർശനത്തിനു തൊട്ടു മുന്‍പായാണ് സിരിസേനയുടെ ആരോപണം.
തന്റെ പേരിലുള്ള ഈ റിപ്പോർട്ട് സിരിസേന തള്ളിക്കളഞ്ഞതായാണു റിപ്പോർട്ട്. ഇരു നേതാക്കളും തമ്മിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രചാരണങ്ങളെന്നാണു പ്രസിഡന്റിന്റെ വാദം. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി സിരിസേന ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിൽ സൂചിപ്പിച്ചതായാണു റിപ്പോർട്ട്.
Post Your Comments