തിരുവന്തപുരം: ഗര്‍ഭിണികളും മറ്റു സ്ത്രീ രോഗ ബാധിതരുമായ യുവതികളും വൃദ്ധരുമായ രോഗികള്‍ക്ക് വിവിധ വിഭാഗങ്ങളിലേക്കുള്ള ഒ.പി.ടിക്കറ്റ് നല്‍കുന്ന കൗണ്ടര്‍ തെരുവു നായകളുടെ വിഹാര രംഗമാണ്. രാവിലെ എട്ടു മുതലാണ് ഒ.പി. ടിക്കറ്റ് വിതരണമെങ്കിലും ദൂരദേശങ്ങളില്‍ നിന്നുള്ള രോഗികളും ബന്ധുക്കളും പുലര്‍ച്ചേ തന്നെ ആശുപത്രിയിലെത്തിച്ചേരും. ക്യൂ നില്‍ക്കുന്ന ക്രമത്തിലാണ് ടോക്കണ്‍ ലഭിക്കുക എന്നതിനാലാണിത്. അതുകൊണ്ടുതന്നെ പുലര്‍ച്ചേ തന്നെ കൗണ്ടറില്‍ വന്നു ക്യൂ നില്‍ക്കുന്നവര്‍ അനവധി. ഈ സമയത്ത് കോംപൗണ്ട് മതില്‍ ചാടിക്കടന്നാണ് പലരും കൗണ്ടറില്‍ പ്രവേശിക്കുക. ആവശ്യത്തിനു വെളിച്ചം ഇല്ലാത്ത സാഹചര്യത്തില്‍ തെരുവുനായകള്‍ സൈ്വര്യ വിഹാരം നടത്തുന്നതിനിടയിലാണ് രോഗികള്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരുുന്നത്.
നായക്കളുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കസേരകളില്‍ പോലും കാണാം. രൂക്ഷമായ ദുര്‍ഗന്ധം മാത്രമല്ല ഈച്ചകളുടെ ആക്രമണവും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് അസഹനീയമാകുന്നു. എട്ട് മണിയോടെ സ്വീപ്പര്‍മാര്‍ വന്ന് വഴിപാടുപോലെ അവിടവിടെ ചിതറിക്കിടക്കുന്ന പേപ്പര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് പതിവാണ്. പക്ഷേ, ആഴ്ചകള്‍ പഴകിയ ദുര്‍ഗന്ധം വമിക്കുന്ന നായ് വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യാറില്ല.
ഇത്രയും വൃത്തിഹീനമായ തറയിലൂടെ നഗ്‌നപാദരായി നടന്നു വേണം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാന്‍. കെട്ടിടത്തിനു പുറത്ത് ദൂരെ മാറ്റി പാദരക്ഷകള്‍ ഊരിയിടണമെന്ന് വരുന്നവരോടെല്ലാം വാച്ച് വുമണ്‍ ആവശ്യപ്പെടുന്നു. തറയില്‍ ചവിട്ടാന്‍ അറപ്പു തോന്നുന്ന സാഹചര്യത്തില്‍ പാദരക്ഷകള്‍ ദൂരെ അഴിച്ചു വയ്ക്കണമെന്ന ശാസനയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
വില കൂടിയ തറയോടുകള്‍ പതിച്ച തറ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കണമെന്നും ആശുപത്രി പരിസരം വൃത്തിയായി പരിപാലിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വകുപ്പു മന്ത്രി ഇടപെടണമെന്നും രോഗികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Post Your Comments