കൊച്ചി: പവിത്രമായ ശബരിമലയില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ? യുപിയില്‍ ബിജെപി-സംഘപരിവാര്‍ വിരോധം കാണിക്കാന്‍ മുലായം സിങ് അന്ന് കാണിച്ച അധികാരാഹങ്കാരും കേരളത്തില്‍ പിണറായി വിജനും പിന്തുടര്‍ന്നാല്‍ അതിനപ്പുറവും സംഭവിച്ചേക്കാം.
ഉത്തര്‍പ്രദേശില്‍, 28 വര്‍ഷം മുമ്പ് നവംബര്‍ മാസമായിരുന്നു, രാമക്ഷേത്ര വിമോചന ആവശ്യമുന്നയിച്ച് കര്‍സേവകര്‍ അയോധ്യയില്‍ മുന്നേറിയത്. അവരെ പോലീസ് സേനയെ ഇറക്കി വെടിവെച്ചിട്ട് വീറുകാട്ടി മുലായം സിങ്. സരയൂ നദിയില്‍ രാമഭക്തരുടെ ജഡങ്ങള്‍ ഒഴുകിനടന്നു. ഭരണകൂടം നടത്തിയ കൂട്ടക്കുരുതിയുടെ ആ ദുരന്ത നാളുകള്‍ പമ്പയുടെ തീരത്തും സംഭവിക്കുമോ എന്നാണ് ഇപ്പോള്‍ ആശങ്ക.വിവാദ മന്ദിരത്തിന്റെ പരിസരത്തേക്ക് ഒരു പക്ഷിയെ പോലും പറക്കാന്‍ അനുവദിക്കില്ലെന്ന് മുലായം സിംഗ് പ്രഖ്യാപിച്ച കാലമായിരുന്നു.
പക്ഷെ കല്ലേ പിളര്‍ക്കുന്ന കല്പനകളോടുള്ള ഭയത്തേക്കാള്‍ ശ്രീരാമ സ്വാമിയോടുള്ള ഭക്തിയെ മനസ്സില്‍ പ്രതിഷ്ഠിച്ച വിശ്വാസ സമൂഹം നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് 14 കോസി പരിക്രമണം നടത്താന്‍ തീരുമാനിച്ച കാലവും. ശ്രീരാമ ചന്ദ്രന്റെ 14 വര്‍ഷത്തെ വനവാസ കാലത്തെ അനുസ്മരിക്കുന്ന വാര്‍ഷികാചരണം ആണ് അയോധ്യക്ക് ചുറ്റും 14 കോസി ദൂരം (45 കിലോമീറ്റര്‍) കാല്‍നടയായി പ്രദക്ഷിണം വെയ്ക്കുന്ന ചൗദാ കോസി പരിക്രമണ്‍. ശ്രീരാമന്റെ ദേഹവിയോഗത്തെ സ്മരിച്ചു കൊണ്ട് ലക്ഷങ്ങള്‍ ഭക്തിപൂര്‍വ്വം സരയുവില്‍ മുങ്ങി നിവരുന്ന കാര്‍ത്തിക പൂര്‍ണ്ണിമയും ആകസ്മികമായി അന്നേ ദിവസം തന്നെ വന്നു ഭവിച്ചതിനാല്‍ ഒരു വിലക്കിനു മുന്നിലും പിന്തിരിയാന്‍ വിശ്വാസ സമൂഹം ഒരുക്കമായില്ല.
സന്ന്യാസിമാരും സാധാരണക്കാരും ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ ആളുകളാണ് കര്‍സേവയ്ക്കായി അയോധ്യയിലേക്ക് തിരിച്ചത്. 24000 സായുധ പോലീസുകാരെ വിന്യസിച്ചും, രാമജന്മഭൂമിയുടെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ബാരിക്കേഡുകള്‍ നിര്‍മ്മിച്ചും, അയോധ്യയിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചും മുലായം സര്‍ക്കാര്‍ അവരെ നേരിടാന്‍ തയ്യാറെടുത്തു. എന്നിട്ടും കിലോമീറ്ററുകള്‍ നടന്നും പുഴ നീന്തി കയറിയുമൊക്കെ 5000 പേര്‍ ഒക്ടോബര്‍ 30ന് അയോധ്യയില്‍ എത്തി ചേരുകയും അതില്‍ 1000 പേര്‍ അത്ഭുതകരമായി ബാരിക്കേഡ് മറികടന്നു രാം ലല്ലയുടെ ദിവ്യവിഗ്രഹത്തിന്റെ ഏറെ അടുത്തെത്തുകയും ചെയ്തു.
ഇതിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കര്‍സേവകരെ തടവിലാക്കിയിരുന്ന ഒരു പോലീസ് വാനിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഒരു വൃദ്ധ സന്ന്യാസി ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ചു കയറ്റി തടസ്സങ്ങള്‍ തകര്‍ക്കുകയും അകത്ത് കടക്കാനാവാതെ നിന്ന 4000 പേര്‍ക്കും വഴി തുറന്നു കൊടുക്കുകയും ചെയ്തു. ഒരു പറവയെ പോലും അകത്തു കടക്കാന്‍ അനുവദിക്കരുതെന്ന് ഉത്തരവ് കിട്ടിയിരുന്ന സായുധ പോലീസിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അഞ്ചു ശ്രീരാമ ഭക്തര്‍ വെടിവെയ്പ്പില്‍ മരിച്ചു. എന്നാല്‍ മരണത്തിനു മുന്നിലും പിന്മാറാന്‍ അവരുടെ ഉറച്ച ഭക്തി ഒരുക്കമായില്ല.
ഒരു ദിവസം നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ മൃതദേഹങ്ങള്‍ ആചാര പൂര്‍വ്വം മറവ് ചെയ്ത ശേഷം രാംലല്ലയുടെ വിഗ്രഹത്തെ വണങ്ങാന്‍ അവര്‍ വീണ്ടും നിറ തോക്കുകള്‍ക്ക് നേരെ ഭജന്‍ പാടി ഭയമില്ലാതെ നടന്നു. 1990 നവംബര്‍ രണ്ടാം തീയതി ആയിരുന്നത്. കേട്ടു കേള്‍വി പോലുമില്ലാത്തൊരു സമര മുറയാണ് അന്ന് അയോധ്യ കണ്ടത്. കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ളവര്‍ മുന്നില്‍ നിന്ന് നയിച്ച ഭക്ത സംഘം ആയുധമേന്തിയ പോലീസുകാരുടെ തൊട്ടടുത്തെത്തി അവരുടെ കാലില്‍ തൊട്ടു വണങ്ങി.
പ്രായമുള്ളവര്‍ ചെറുപ്പക്കാരുടെ കാല്‍തൊട്ട് വണങ്ങുന്നത് അചിന്ത്യമായതിനാല്‍ യുവാക്കളായ പോലീസുകാര്‍ ഞെട്ടി ഒരടി പുറകോട്ടു മാറി നിന്നു. ആ അവസരം മുതലെടുത്ത് വിശ്വാസി സംഘം ഒരടി മുന്നോട്ട് നീങ്ങി. വീണ്ടും മുന്‍നിരയിലെ പ്രായമുള്ളവര്‍ മുന്നോട്ട് വളഞ്ഞു പോലീസുകാരുടെ കാല്‍ തൊട്ടു. അവര്‍ പിറകോട്ട് മാറുമ്ബോള്‍ വിശ്വാസി സംഘം വീണ്ടും ഒരടി മുന്നോട്ട് വെച്ചു. ഇങ്ങനെ ഓരോ കാല്‍ വെയ്പ്പിനും ഓരോ തവണ നടു വളച്ചു വണങ്ങി നിവര്‍ന്ന് ആ സംഘം പോലീസിനെ നൂറടിയോളം പുറകോട്ടു നടത്തി.
പ്രഭു ശ്രീരാമന്റെ ജന്മഭൂമിയിലെ വിഗ്രഹം ഒരു വട്ടം കണ്ടു തൊഴാനുള്ള ജീവിതാഭിലാഷത്തിന് മുന്നില്‍ പ്രായത്തിന്റെയും പദവിയുടെയും എല്ലാ മിഥ്യാഭിമാനങ്ങളെയും ത്യജിക്കാന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്രകാരം ഏറെ ദൂരം മുന്നോട്ട് പോകാന്‍ അവര്‍ക്ക് സാധിച്ചില്ല. മുന്നറിയിപ്പ് പോലുമില്ലാതെയാണ് പോലീസ് വെടിയുതിര്‍ത്തു തുടങ്ങിയത്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഇരുന്ന് സംഭവങ്ങള്‍ വീക്ഷിക്കുകയായിരുന്ന വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ഫയറിങ് തുടങ്ങിയത് കണ്ടു ഓടിച്ചെന്നു ബാരിക്കേഡ് മുറിച്ചു കടന്നു സംഭവസ്ഥലത്ത് എത്തിയപ്പോള്‍ മാത്രമാണ് പോലീസ് വെടിവെയ്പ്പ് അവസാനിപ്പിച്ചത്.
28 പേരാണ് വെടി വെയ്‌പ്പില്‍ കൊല്ലപ്പെട്ടത് എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ നൂറോളം വിശ്വാസികള്‍ കൊല്ലപ്പെട്ടുവെന്നും, ഒട്ടേറെ മൃതദേഹങ്ങള്‍ പോലീസ് വാഹനത്തില്‍ കയറ്റി ദൂരെ ദേശങ്ങളില്‍ കൊണ്ടുപേക്ഷിച്ചു എന്നും, ചാക്കില്‍ ഭാരമുള്ള കല്ലിനൊപ്പം പൊതിഞ്ഞു കെട്ടി സരയൂ നദിയില്‍ താഴ്ത്തിയെന്നുമാണ് ദൃക്‌സാക്ഷികളും അനൗദ്യോഗിക ഏജന്‍സികളും വര്‍ഷങ്ങള്‍ക്കിപ്പുറവും തറപ്പിച്ചു പറയുന്നത്.
മുലായം സിംഗ് യാദവിന് മുല്ലാ മുലായം എന്ന് പേര് വരുന്നത് ഈ സംഭവത്തെ തുടര്‍ന്നാണ്. അതൊരു അഭിമാന ചിഹ്നമായി അണിഞ്ഞു നടന്ന അയാള്‍ സംഭവത്തില്‍ യാതൊരു പശ്ചാത്താപവുമില്ലെന്നും, വേണ്ടി വന്നാല്‍ കൂടുതല്‍ പേരേ വെടിവെയ്ക്കാനും മടിക്കില്ലായിരുന്നെന്നും പ്രഖ്യാപിച്ചത് 2013ലാണ്. തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ മുലായം സിംഗ് യാദവ് ഇപ്പോള്‍ യുപിയില്‍ ആരുമല്ല. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാവായിരുന്ന മഹന്ത് അദ്വൈത് നാഥിന്റെ പിന്‍ഗാമി ആദിത്യനാഥ് ഇപ്പോള്‍ അതേ യുപിയുടെ മുഖ്യമന്ത്രിയാണ്.
വിശ്വാസികളുടെ വികാരത്തോടുള്ള ഭരണകൂട ധാര്‍ഷ്ട്യങ്ങള്‍ക്കൊക്കെയും ചരിത്രത്തില്‍ മറുപടി ഉണ്ടെന്ന തിരിച്ചറിവാണ് ആ വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ട് പോവാനുള്ള ധൈര്യവും പ്രേരണയുമാവുന്നത്. മരണം മുന്നില്‍ കണ്ടിട്ടും ഒരിഞ്ചു കുലുങ്ങാതെ രാം ലല്ലയോടുള്ള ഭക്തിയില്‍ സ്വയം സമര്‍പ്പിച്ചു, ഓരോ പദം വെയ്പ്പിനും ഓരോ പാദ നമസ്ക്കാരം ചെയ്ത് മുന്നേറിയോടുവില്‍ പുണ്യഭൂമിയില്‍ പിടഞ്ഞു വീണ പൂര്‍വ്വികരുടെ നിഷ്ഠയും സ്ഥൈര്യവുമാണ്, മറ്റെല്ലാം മാറ്റി വെച്ച് ശബരിമല ക്ഷേത്രത്തിന്റെ ആചാര തനിമ സംരക്ഷിക്കാന്‍ സ്വയം സമര്‍പ്പിക്കാനുമുള്ള പ്രചോദനവും വീര്യവും പകരുന്നത്.
ആചരണങ്ങളെ കാക്കാന്‍ സര്‍വ്വ സംഗ പരിത്യാഗികള്‍ പോലും സന്ന്യാസീ കലാപത്തിനൊരുക്കമായ വീരഭൂമിയാണിത്. കാശി വിശ്വനാഥന്റെ ജ്യോതിര്‍ ലിംഗത്തെ ക്ഷേത്ര ദ്വംസകര്‍ക്ക് വിട്ടു കൊടുക്കാതിരിക്കാന്‍ ആ ദിവ്യ വിഗ്രഹത്തെ മാറോടടുക്കി ക്ഷേത്ര കിണറ്റിലേക്ക് എടുത്ത് ചാടിയ പൂജാരി ഇവിടെയാണ് ജീവിച്ചത്. വീട്ടിലെ ഏക മകന്‍ ആണെങ്കില്‍ നിലക്കല്‍ സമരത്തിന് വരേണ്ടതില്ലെന്ന നിര്‍ദ്ദേശത്തെ അവഗണിച്ചും ഒറ്റ മകനെ ആരതിയുഴിഞ്ഞു അയ്യന്റെ പൂങ്കാവനം കാത്തു രക്ഷിക്കാനുള്ള പോരിന് പറഞ്ഞയച്ച അമ്മമാര്‍ ഇവിടുണ്ട്.
അധികാരി വര്‍ഗ്ഗത്തിന്റെ ഉത്തരവുകളെ ഭയന്ന് പൈതൃകവും സംസ്കാരവും തകര്‍ത്തെറിയപ്പെടുന്നത് മിണ്ടാതെ കണ്ടു ഓച്ഛാനിച്ചു നിന്ന ജനതയായിരുന്നു നമ്മളെങ്കില്‍ ഇപ്പോഴിങ്ങനെ രോഷമായി ഉള്ളില്‍ കിടന്ന് തിളയ്ക്കുന്ന ഒരിറ്റു ഹിന്ദു സ്വത്വ ബോധം നമുക്ക് ബാക്കിയുണ്ടാവുമായിരുന്നില്ല. എന്നാലാ ബോധം ഇപ്പോഴും കെടാത്ത കനലായി ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ട് തന്നെയാണ് ഇതൊരിക്കലും തോല്‍ക്കരുതാത്ത സമരമാണെന്ന ഉറച്ച ബോധ്യം ഉണ്ടാവുന്നത്.
ഇവിടെ നമ്മള്‍ തോറ്റു പോയാല്‍ ഇനിയൊരിക്കലും ഇമ്മട്ടിലൊരു ഹിന്ദു ഉണര്‍വ്വ് സാധ്യമാവാതെ വരും. ഇത്ര ശക്തമായി സംഘടിച്ചു പൊരുതിയിട്ടും ഒന്നും ചെയ്യാനായില്ലല്ലോ എന്ന നിരാശാ ബോധം സമാജത്തില്‍ ആകെ പടരും. നമ്മള്‍ വിചാരിച്ചാല്‍ ഒന്നും സാധിക്കില്ലെന്നും അതിനാല്‍ ഇനിയൊന്നിനും വെറുതെ ഒരുമ്ബെട്ടിറങ്ങേണ്ടതില്ല എന്നുമുള്ള പരാജിത ഭാവം ഹിന്ദു സമൂഹത്തെ ഗ്രസിക്കും. പിന്നീടൊരു കാര്യത്തിനും ഒന്നിച്ചിറങ്ങാനോ ഒന്നായി പൊരുതാനോ നമുക്ക് കഴിയാതാവും.
നമ്മുടെ മുഴുവന്‍ വിശ്വാസ സ്ഥാപനങ്ങള്‍ക്കും സമ്ബ്രദായങ്ങള്‍ക്കും നേരെ തുറന്ന യുദ്ധത്തിനുള്ള അനുമതി നല്‍കലാവുമത്. ഇതിലും വലിയ ശബരിമല ആചാരത്തെ തിരുത്തിയില്ലേ? പിന്നെയാണോ ഇത്? എന്ന പരിഹാസത്തോടെ ഏത് ഹിന്ദു വിശ്വാസത്തെയും ആചാരത്തെയും ഇല്ലാതാക്കാന്‍ അവര്‍ക്ക് ധൈര്യവും കൂസലില്ലായ്മയും ഉണ്ടാവും. ഓരോ ക്ഷേത്രത്തിന് നേരെയും ഇതേ രീതിയിലുള്ള കൈകടത്തലുണ്ടാവും. എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ആത്മവിശ്വാസം പോലും നമ്മില്‍ അവശേഷിക്കില്ല. കൊട്ടിഘോഷിക്കുന്ന പോലുള്ള സ്ത്രീ ശാക്തീകരണമോ തുല്യതാ സ്ഥാപനമോ ആചാര ലംഘനം കൊണ്ടൊട്ട് ഉണ്ടാവുകയുമില്ല.
ശബരിമലയില്‍ കയറി തൊഴുതതിന്റെ പിറ്റേന്നും സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയേ ഉള്ളൂ. ലക്ഷകണക്കിന് മനുഷ്യരെ വേദനിപ്പിച്ചിട്ടായാലും സ്വന്തം വാശി ജയിക്കണം എന്ന ശാഠ്യ ബുദ്ധിയുള്ള ചിലര്‍ക്കല്ലാതെ ഈ പരിഷ്‌ക്കാരം കൊണ്ടാര്‍ക്കും ഒരു ഗുണവുമുണ്ടാവില്ല. എന്നാല്‍ ഹിന്ദു സമാജത്തിനാകട്ടെ, ഇത് കൊണ്ട് തീര്‍ത്താല്‍ തീരാത്ത നഷ്ടങ്ങളുമുണ്ടാകും. അത് കൊണ്ടാണ് നമ്മെ സംബന്ധിച്ച് ഇതൊരിക്കലും തോല്‍ക്കരുതാത്ത സമരമാകുന്നത്. മറ്റൊരര്‍ത്ഥത്തില്‍, വിശ്വാസി ഹിന്ദുവിന്റെ അതിജീവന സമരം തന്നെയാകുന്നത്.
ജനാധിപത്യത്തിന്റെ സകല സങ്കേതങ്ങളും ഉപയോഗിച്ച് ശബരിമലയുടെ തനിമയും വിശ്വാസ വ്യവസ്ഥയും നിലനിര്‍ത്താനുള്ള സര്‍വ്വ സാധ്യതകളും നമ്മളാരാഞ്ഞു കഴിഞ്ഞു. എന്നാല്‍ കേരളത്തിന്റെ ഓരോ തെരുവിലും മുഴങ്ങി കേട്ട കോടി മനുഷ്യരുടെ വികാര വിക്ഷോഭത്തിന് തരിമ്ബും വില കൊടുക്കാത്തവരുടെ ബധിര കര്‍ണ്ണങ്ങളില്‍ ഇനിയൊന്നും നമുക്ക് ഉണര്‍ത്തിക്കാനില്ല. അയ്യപ്പ സ്വാമിയുടെ ആചാര നിഷ്ഠകള്‍ സംരക്ഷിച്ച് വിശ്വാസികളോടുള്ള ബാധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ ഒരുക്കമാവാത്ത സാഹചര്യത്തില്‍, ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നത് മാത്രമാണ് വിശ്വാസികളുടെ മുന്നിലിനി അവശേഷിക്കുന്ന ഒരേയൊരു മാര്‍ഗ്ഗം. അതിന്റെ പ്രത്യാഘാതങ്ങള്‍ എന്ത് തന്നെയായാലും അതെല്ലാം നേരിടാനുറച്ചു തന്നെ ഒടുക്കം വരെ പിന്തിരിയില്ലെന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുത്തേ മതിയാവൂ.
പൊതുയോഗങ്ങളില്‍ പ്രസംഗം അവസാനിപ്പിച്ചു പ്രവര്‍ത്തിക്കുക എന്ന നിയോഗം നിറവേറ്റാനായി നിലയ്ക്കലിലെ സമരവേദിയിലേക്ക് പോവുകയാണ്. 14 കോസി പരിക്രമണത്തിന് പുറപ്പെട്ട് പോയ അയോധ്യയിലെ ഹിന്ദുവിന്റെ അതേ മനസ്സോടെ. അയ്യപ്പനുണ്ടെന്ന ഉറപ്പല്ലാതെ മറ്റൊരായുധവും കയ്യില്‍ സൂക്ഷിക്കുന്നില്ല. സ്വാമി ശരണം എന്ന മന്ത്രമല്ലാതെ ഇനിയൊന്നും നാവില്‍ ബാക്കിയുമില്ല. ജയിക്കാനായാലും തോല്‍ക്കാനായാലും ഒടുക്കം വരെ ശബരീശന്റെ മണ്ണിലുണ്ടാവും. ബാക്കിയൊക്കെ അവിടുത്തെ ഇച്ഛ.
അഡ്വ.ശങ്കു ടി ദാസ്
Post Your Comments