പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ നിലയ്ക്കലില്‍ സംഘര്‍ഷം. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. തുടര്‍ന്ന് ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പോലീസ് പൂര്‍ണമായും അഴിച്ചുമാറ്റുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ വനിതാ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു.
ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കെ.എസ്.ആര്.ടി.സി ബസില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീയെ, സമരക്കാരായ സ്ത്രീകള്‍ ബസില്‍ നിന്നും മര്‍ദ്ദിച്ച് ഇറക്കിവിട്ടിരുന്നു. ബന്ധുവിനോപ്പം എത്തിയ ചെന്നൈ സ്വദേശിനിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബന്ധുവിനും മര്‍ദ്ദനമേറ്റു. ഇവരെ പിന്നീട് പോലീസെത്തി പോലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
പമ്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. അതേസമയം, പമ്പയിലും സന്നിധാനത്തും പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്. തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്കു പോകണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments