പത്തനംതിട്ട: ശബരിമലയിലെത്തിയ തമിഴ് യുവതിക്ക് പ്രതിഷേധ സംഘത്തിന്റെ മര്‍ദനം. നിലയ്ക്കലില്‍ വാഹനം തടഞ്ഞാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചത്. നിലയ്ക്കലില്‍ രാത്രിയിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി സംഘര്‍ഷം തുടരുകയാണ്. യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
പമ്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരു തീര്‍ത്ഥാടകസംഘത്തിന്റെ ബസ് തടയുകയും അതിലുണ്ടായിരുന്ന സ്ത്രീയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും ചെയ്തു. സ്ത്രീകള്‍ തന്നെയാണ് ബസ് തടഞ്ഞ് അതിലുണ്ടായിരുന്ന സ്ത്രീയെ പുറത്തിറക്കി മര്‍ദിച്ചത്. ഇവരെ പിന്നീട് പോലീസ് ജീപ്പില്‍ സ്ഥലത്തുനിന്നു മാറ്റി.
തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവര്‍ണം (40) എന്നിവരെയാണ് സമരക്കാര്‍ തടഞ്ഞത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ ബസ്സിനുള്ളില്‍ സ്ത്രീയെ കണ്ടതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇവരെ സമരക്കാര്‍ നിര്‍ബന്ധിച്ച് പുറത്തേക്കിറക്കുകയായിരുന്നു. തീര്‍ത്ഥാടകയെ പത്തനംതിട്ടയിലേക്ക് തിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചതായാണ് നിലയ്ക്കലില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വൈകിട്ടോടെ ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെയും സമരക്കാര്‍ തടഞ്ഞിരുന്നു. പമ്പയിലേക്ക് പോയ വനിതാ മാധ്യമപ്രവര്‍ത്തകരുടെ വാഹനമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. സിഎന്‍എന്‍, ന്യൂസ് 18 സംഘത്തെയാണ് നിലയ്ക്കലില്‍ തടഞ്ഞത്.
Post Your Comments