Latest NewsIndia

പറഞ്ഞത് അഞ്ചു മിനിറ്റ് കേട്ടത് അഞ്ച് ലക്ഷം: മണിക്കൂറുകളോളം വലഞ്ഞത് പോലീസ്

നോയ്ഡ•വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് നാടുവിട്ടുപോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി പോലീസ് മണിക്കൂറുകളോളം വലഞ്ഞു. അഞ്ച് മിനിറ്റിനകം എത്തണമെന്ന കുട്ടിയുടെ ഫോണ്‍സന്ദേശം അഞ്ച് ലക്ഷം നല്കണമെന്ന് പിതാവ് തെറ്റി കേട്ടതാണ് പോലീസിനെ വലച്ചത്. നോയിഡയിലെ ഛിജാര്‍സി പ്രവിശ്യയിലാണ് സംഭവം. പിതാവിന്റെ പലചരക്ക് കടയില്‍ നിന്ന് കുട്ടി ഇടയ്ക്ക് പണം മോഷ്ടിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പല തവണ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറയുകയുകയും മണിക്കൂറുകളോളം മുറിയില്‍ ഒറ്റയ്ക്കിരുത്തുകയും ചെയ്യാറുണ്ട്. തിങ്കളാഴ്ച്ച രാവിലെയും കുട്ടി പണപ്പെട്ടിയില്‍ നിന്ന് നൂറ് രൂപ മോഷ്ടിച്ചത് വീട്ടുകാര്‍ കണ്ടെത്തുകയും വഴക്ക് പറയുകയും ചെയ്തിരുന്നു,

ഇതേ തുടര്‍ന്ന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാതെ കുട്ടി ഒരു അപരിചിതന്റെ മോട്ടോര്‍ബൈക്കില്‍ കയറി ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാക്കിലേക്ക് പോയി. അവിടെ ചുറ്റിത്തിരിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കുട്ടി ചിന്തിച്ചത്.വഴിയില്‍ കണ്ട ആളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച് പിതാവിനോട് അഞ്ച് നിമിഷത്തിനുള്ളില്‍ അവിടേക്ക് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വീട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കി. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പറഞ്ഞു. വിളിച്ച ഫോണിലേക്ക് പോലീസ് തിരികെവിളിച്ചപ്പോള്‍ അത് സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.ഒടുവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പോലീസ് ഫോണുടമയെ കണ്ടെത്തി. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തെരുവില്‍ അലഞ്ഞിരുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പിതാവ് മകന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ കേട്ടതിലുണ്ടായ ആശയക്കുഴപ്പമാണെന്ന് പറഞ്ഞ് പോലീസില്‍ നിന്ന് തടിയൂരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button