Latest News

പാവം രാഹുല്‍ വിചാരിച്ചാല്‍ യുപിയില്‍ വല്ലതും നടക്കുമോ

ഉത്തര്‍പ്രദേശാണ് കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ യുപി തിരികെ പിടിക്കാനുള്ള കഠിനശ്രമത്തിലാണ് രാഹുല്‍ഗാന്ധിയും സംഘവും. യുപിയില്ലാതെ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന കാര്യം സ്വപ്‌നം പോലും കാണാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കഴിയില്ല. മൂന്ന് പതിറ്റാണ്ടോളമാകുന്നു കോണ്‍ഗ്രസിന് യുപിയില്‍ നിന്നുള്ള പിടി വിട്ടുപോയിട്ട്. കൃത്യമായി പറഞ്ഞാല്‍ 1989 മുതലാണ് കോണ്‍ഗ്രസിന് ഇവിടെ വീഴ്ച്ച വന്നുതുടങ്ങിയതെന്ന്് പറയാം.

യുപിയിലെ രാഷ്ട്രീയം കൗതുകകരമാണ്. എന്‍.ഡി തിവാരിയായിരുന്നു ഇവിടെ കോണ്‍ഗ്രസിന്റെ ഏറ്റവും അവസാനത്തെ മുഖ്യമന്ത്രി. 90 മുതല്‍ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടിയും പിന്നീട് കാന്‍ഷി റാമിന്റെ നേതൃത്വത്തില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും സംസ്ഥാനത്ത് വേരുറപ്പിച്ചതോടെ കോണ്‍ഗ്രസ് പാര്‍ശ്വവത്കരിക്കപ്പെടുകയായിരുന്നു. എസ്പി ബിഎസ്പി ഭരണം കൊണ്ട് ഒന്നും നേടാനായില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങിയപ്പോള്‍ ബിജെപി കളം അറിഞ്ഞ് കളിച്ചു. അതോടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അപ്രസക്തമായി. ഇവിടെ നിന്ന് പഴയ പ്രതാപത്തിലേക്ക് പാര്‍ട്ടിയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുലിന്റെ കൈകളിലെത്തിയിരിക്കുന്നത്.

തുടങ്ങേണ്ടത് ചാരത്തില്‍ നിന്ന്

യുപിയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഒന്നുറച്ചുകിട്ടാന്‍ രാഹുല്‍ പ്രയത്‌നിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ അതൊന്നും ഫലപ്രദമായില്ല. അമേത്തിയില്‍ പോലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് നന്നേ പൊരുതേണ്ടിവന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയതിന് ശേഷം ആദ്യമെത്തുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചാരത്തില്‍ നിന്നുവേണം രാഹുലിന് സ്വന്തം പാര്‍ട്ടിയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കേണ്ടത്. ഇതിനായി ആദ്യം വേണ്ടത് വീണ്ടും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് തന്നെയാണ്. അതിനായി ലോക് സമ്പര്‍ക് അഭിയാന്‍ നടത്താനൊരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. വലിയ റാലികളിലേക്കോ കവല പ്രസംഗങ്ങളിലേക്കോ കടക്കാതെ സാധാരണക്കാരുടെ വീടുകളിലേക്ക് നേരിട്ട് സമ്പര്‍ക്കം നടത്തുകയാണ് ലോക് സമ്പര്‍ക് അഭിയാന്‍ ലക്ഷ്യമിടുന്നത്.

പല ലക്ഷ്യത്തോടെ ലോക് സമ്പര്‍ക് അഭിയാന്‍.

ഈ സമ്പര്‍ക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് പലതാണ്. ആദ്യം 11 ലക്ഷത്തോളം ബൂത്തുതല പ്രവര്‍ത്തകരെ തയ്യാറാക്കണം. കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. പതിനെട്ട് മുതല്‍ 21 വരെയുള്ളവരെ അധികമായി പാര്‍ട്ടിയിലെത്തിക്കാനാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് നേരിടാനുള്ള ധനസമാഹരണത്തിനുള്ള മാര്‍ഗം കൂടിയാണ് കോണ്‍ഗ്രസിന് ലോക് സമ്പര്‍ക് അഭിയാന്‍. വോട്ടര്‍മാരുടെ മനോഭാവവും പ്രശ്‌നങ്ങളും മനസിലാക്കാനും ഈ സമ്പര്‍ക്കയാത്ര വഴി കഴിയുമെന്നൊണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. ഗ്രാമീണരില്‍ നിന്നുള്ള സംഭാവന സ്വീകരിക്കുന്നത് ധനസമാഹരണത്തിന് അപ്പുറം അവര്‍ക്ക് പാര്‍ട്ടിയില്‍ അധികാരവും ഉത്തരവാദിത്തവും ഉറപ്പിക്കാനാണ്. ചെറിയ സംഭാവന പോലും നല്‍കുന്നവരില്‍ പാര്‍ട്ടിയില്‍ തങ്ങളുടെ അധ്വാനവുമുണ്ടെന്ന ചിന്ത നിറയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ബുദ്ധിപരമായ നീക്കമാണിത്. പഴയ ഗാന്ധിയന്‍ രീതിയാണ് നിലനില്‍പ്പിനായി കോണ്‍ഗ്രസ് വീണ്ടും പുറത്തെടുക്കുന്നത്.

കരുതലോടെ കരുക്കള്‍

 

ബിജെപി ഏതെല്ലാം മേഖലയിലാണ് പരാജയപ്പെട്ടതെന്ന് ജനങ്ങളില്‍ നിന്ന് നേരിട്ടറിയാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. പ്രദേശിക പ്രശ്‌നങ്ങള്‍ക്ക് പുറമേ ഇന്ധനവില വര്‍ധനയും അഴിമതിയും ബിജെപിക്കെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന ആദര്‍ശം ജനങ്ങളിലെത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ജില്ലയിലേയും നഗരങ്ങളിലേയും പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധി ഫോണിലൂടെ നേരിട്ടാണ് വിവരങ്ങള്‍ അന്വേഷിക്കുന്നതും നിര്‍ദേശങ്ങള്‍ കൈമാറുന്നതും. ഇതിന് മുമ്പായി പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റുമാരുമായും രാഹുല്‍ ആശയവിനിമയം നടത്തിയിരുന്നു.

എല്ലാ ചര്‍ച്ചകളും ഒറ്റ ലക്ഷ്യം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നത് എങ്ങനെ യുപിയില്‍ കോണ്‍ഗ്രസിനെ ഒന്നാമതെത്തിക്കാം.പ്രബല ശക്തിയായ ബിജെപിയെ തറപറ്റിക്കാന്‍ ബിജെപി ഇതര പാര്‍ട്ടികള്‍ സമന്വയിക്കുന്ന മഹാഗതബന്ധനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. എന്തായാലും രാഹുലിന്റെ ആശയത്തിന് അനുസരിച്ച് ഒരു പുതിയ തലമുറയെ സംസ്ഥാനത്ത് രൂപപ്പെടുത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് തകര്‍ന്നുപോയ അടിത്തറ കെട്ടിപ്പെടുക്കാനാകൂ. ചെറിയ ശ്രമമല്ല ഇതിനായി വേണ്ടത്. എന്തായാലും രാഹുലിന്റെ പദ്ധതികള്‍ എത്രത്തോളം വിജയകരമാകുമെന്നതിനെ ആശ്രയിച്ചിരിക്കും യുപിയില്‍ കോണ്‍ഗ്രസിന്റെ ഭാവി.

shortlink

Related Articles

Post Your Comments

Related Articles


Back to top button