അബുദാബി: യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണിത്. പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവർക്ക് തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നും അനധികൃത താമസക്കാർ എത്രയും വേഗം മുന്നോട്ടുവന്ന് താമസം നിയമവിധേയമാക്കണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.
ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്നും നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ മുന്നോട്ടുവരണമെന്നും അധികൃതർ അറിയിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് മാത്രമേ എക്സിറ്റ് പാസ് നൽകുകയുള്ളൂ. തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി കണ്ടെത്താൻ ആറു മാസത്തെ താൽക്കാലിക വീസയും നൽകുന്നുണ്ട്.
Post Your Comments