Latest NewsArticle

കാവിക്കൊടികള്‍ കഥ പറയുമ്പോള്‍

അടുക്കുമോ അകലുമോ ആ കാവിക്കൊടികള്‍, സേനയുടെ ദസറ റാലിയില്‍ താക്കറേ നയം വ്യക്തമാക്കുമോ..

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ഈ ദസറ ഏറെ പ്രധാനപ്പെട്ടതാണ്. മുംബൈയിലെ ശിവജി പാര്‍ക്കില്‍ പാര്‍ട്ടിയുടെ വാര്‍ഷികാഘോഷറാലിയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തോളം ശിവസനേ പ്രവര്‍ത്തകര്‍ എത്തുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി നടക്കുന്ന അവസാന ദസറ റാലിയായിരിക്കും ഇത്. ശിവസേനയുടെ ഭാവി തീരുമാനങ്ങളെന്താകുമെന്ന വ്യക്തമായ സൂചനയായിരിക്കും ഈ റാലിയില്‍ പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറേ നല്‍കുന്നത്.

Raj Thackeray

ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ സ്വയം ശക്തിപരീക്ഷണമായിരിക്കുമെന്ന് വ്യത്യസ്ത വിഷയങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ശിവസേന വ്യക്തമാക്കിക്കഴിഞ്ഞതാണ്. മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ നിരാകരിച്ച് ‘ശിവസേന മെഡിക്കല്‍ സഹായ പദ്ധതി’യുമായി താക്കറേ മുന്നോട്ട് പോകുമ്പോള്‍ ഇനിയൊരു തരത്തിലും എന്‍ഡിഎയുടെ ഭാഗമാകാന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി ശിവസേന പറഞ്ഞുകഴിഞ്ഞു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളമുള്ള പാവപ്പെട്ട രോഗികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുക എന്നതാണ് സേന ലക്ഷ്യമിടുന്നത്.

പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിന്‍ഡേ പറയുന്നത് സേനയുസടെ ആരോഗ്യപദ്ധതി സംസ്ഥാനത്ത് അത്ഭുതങ്ങള്‍ തീര്‍ക്കുമെന്നാണ്. കേരളത്തില്‍ ദുരിതബാധിതമേഖലയില്‍ മരുന്നും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിന് മുമ്പില്‍ നിന്നതും ഷിന്‍ഡെയായിരുന്നു. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ താനെയില്‍ ഒരു മെഡിക്കല്‍ ഹെല്‍പ്പ് സെന്ററും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആഴ്ച്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിനായി ശിവസേന പ്രവര്‍ത്തകര്‍ അത്യധ്വാനം ചെയ്യുകയാണ്. ദിവസവും രണ്ട് ആശുപത്രികളിലെങ്കിലും സന്ദര്‍ശനം നടത്തി നിര്‍ധനരായ രോഗികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട് ഷിന്‍ഡെ. ഇത്തരം സന്ദര്‍ശനങ്ങള്‍ വലിയ കാര്യമല്ലെന്നും ആളുകളുമായുള്ള കൂടിക്കാഴ്ച്ച താന്‍ നന്നായി ഇഷ്ടപ്പെടുന്നുണ്ടെന്നുമാണ് ഷിന്‍ഡെ പറയുന്നത്.

അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരെ സേനയിലെക്ക് എത്തിക്കാനുള്ള വലിയ തന്ത്രങ്ങളാണിതെന്ന രാഷ്ട്രീയനിരീക്ഷണം സേനയും കേള്‍ക്കുന്നുണ്ട്.എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ പാര്‍ട്ടിയെ ശക്തമാക്കി അടുത്ത തെരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിച്ച് അധികാരം പിടിച്ചെടുക്കാനുള്ള അക്ഷീണശ്രമമാണിത്. ശിവസേനയ്ക്ക് മുമ്പ് തന്നെ ബിജെപിയും സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകള്‍ സംസ്ഥാനത്തുടനീളം തുടങ്ങിയിരുന്നു. ആരോഗ്യ വിദ്യാഭ്യാസമന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലാണ് ബിജെപിയുടെ ആരോഗ്യ ക്യാമ്പുകള്‍ നടക്കുന്നത്. ഗ്രാമീണമേഖലകളില്‍ ഏറെ ജനപ്രിയമായ ഈ പദ്ധതി അട്ടിമറിച്ച് താക്കറെയുടെ ആരോഗ്യപദ്ധതി എത്തിയാല്‍ അത് സേനയ്ക്ക് നേട്ടവും ബിജെപിക്ക് ക്ഷീണവുമാകും. ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാന്‍ തുടക്കം മുതല്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങാതെ വന്നപ്പോഴാണ് സ്വന്തം നിലയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ബിജെപിയില്‍ നിന്നുണ്ടായത്. സഖ്യം അവസാനിപ്പിക്കുന്നത് ഇരുപാര്‍ട്ടികള്‍ക്കും ബുദ്ധിമുട്ടാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഓര്‍മ്മിപ്പിച്ചിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുമായി അകലുന്നത് ക്ഷീണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ശിവസേനയിലുമുണ്ട്. കഴിഞ്ഞ ആഴ്ച്ച ശിവസേന ഭവനില്‍ ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ പാര്‍ട്ടി എംപിമാരും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കണമെന്നാണ് താക്കറെയോട് ആവശ്യപ്പെട്ടത്. സീറ്റ് പങ്കുവയ്ക്കല്‍ ഫോര്‍മുലയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടാമെന്നും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 48 സീറ്റുകളില്‍ 22 സീറ്റുകള്‍ ശിവസേനയ്ക്കും 26 എണ്ണം ബിജെപിക്കുമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വച്ചത്. ബിജെപിയിലും ഇത്തരത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ശിവസേനയെ നഷ്ടടപ്പെടുത്തി തെരഞ്ഞെടുപ്പിനിറങ്ങുന്നതിനോട് കേന്ദ്രനേതൃത്വത്തിനും അത്ര താത്പര്യമില്ല. ശിവസേനയും ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ ഏറെ സന്തോഷിക്കുന്നത് എന്‍സിപിയും കോണ്‍ഗ്രസുമാണ്. ഇരുവരും ചേര്‍ന്നുള്ള പ്രബല ശക്തിയെ നേരിടുന്നതിനേക്കാള്‍ ഭിന്നിച്ചു നില്‍ക്കുന്ന പാര്‍ട്ടികളാണ് എന്‍സിപിക്കും കോണ്‍ഗ്രസിനും പ്രതീക്ഷ നല്‍കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്ന് സേനനേതാവ് ഉദ്ദവ് താക്കറെയ്ക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ കൃത്യമായ പദ്ധതികളും ആശയങ്ങളും താക്കറേ കണ്ടിട്ടുണ്ട്. അതെന്താകുമെന്ന് ദസറയോടനുബന്ധിച്ചുള്ള മഹാറാലിയില്‍ താക്കറേ സൂചിപ്പിക്കും. ആ സൂചനയ്ക്കായി കാത്തിരിക്കുകയാണ് മറാത്ത രാഷ്ട്രീയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button