Latest NewsKeralaIndia

മന്ത്രിമാരില്ലാതെ മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്‌; പിരിവിന്റെ തീരുമാനം ഇങ്ങനെ

ഫണ്ട്‌ സ്വീകരിക്കാന്‍ വിദേശത്തുപോകുന്ന മന്ത്രിമാര്‍ മലയാളികളില്‍നിന്നു മാത്രം സഹായം സ്വീകരിച്ചാല്‍ മതിയെന്നു തീരുമാനം

തിരുവനന്തപുരം : പ്രളയ പുനര്‍നിര്‍മാണ ഫണ്ട്‌ സ്വീകരിക്കാന്‍ വിദേശത്തുപോകുന്ന മന്ത്രിമാര്‍ മലയാളികളില്‍നിന്നു മാത്രം സഹായം സ്വീകരിച്ചാല്‍ മതിയെന്നു തീരുമാനം. കറന്‍സിയും ചെക്കും ഒഴിവാക്കി, ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റാ(ഡി.ഡി)യി മാത്രമാകും സഹായം സ്വീകരിക്കുക. ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനമെടുക്കും. എന്നാല്‍, മന്ത്രിമാര്‍ക്കു വിദേശയാത്രാനുമതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ യു.എ.ഇ. യാത്രയും മാറ്റിവയ്‌ക്കണമെന്നാണു ചില ഇടതുനേതാക്കളുടെ നിലപാട്‌.

വിദേശികളുടെയും വിദേശസ്‌ഥാപനങ്ങളുടെയും സംഘടനകളുടെയും സംഭാവന സ്വീകരിക്കേണ്ടെന്നാണു ധാരണ. മന്ത്രിമാര്‍ക്കു വിദേശയാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. നിലവില്‍ മുഖ്യമന്ത്രിക്കു മാത്രമേ കേന്ദ്രാനുമതി ലഭിച്ചിട്ടുള്ളൂ. സംഭാവന സ്വീകരിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശനവ്യവസ്‌ഥകള്‍ പാലിക്കേണ്ടതിനാലാണു മലയാളികളില്‍നിന്നു മാത്രം ധനഹമാഹരണം നടത്താന്‍ തീരുമാനിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കല്ലാതെ ഡി.ഡി. സ്വീകരിക്കില്ല.

മലയാളി അസോസിയേഷനുകള്‍ നല്‍കുന്ന പട്ടികപ്രകാരമാകും ധനസമാഹരണം. സംശയനിഴലിലുള്ള സംഘടനകളുടെ സംഭാവന പിന്നീടു സര്‍ക്കാരിനെ സ്വാധീനിക്കാതിരിക്കാനാണു കേന്ദ്രം കര്‍ശനവ്യവസ്‌ഥകള്‍ ഏര്‍പ്പെടുത്തിയത്‌. മന്ത്രിമാര്‍ക്കും യാത്രാനുമതി നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ വിദേശകാര്യമന്ത്രാലയത്തിനു കത്തയച്ചു.അവസാനനിമിഷം കേന്ദ്രവിദേശകാര്യ മന്ത്രാലയം മന്ത്രിമാര്‍ക്ക്‌ വിദേശസന്ദര്‍ശനത്തിന്‌ അനുമതി നല്‍കിയേക്കും. എന്നാല്‍ അമേരിക്ക,കാനഡ, ലണ്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മന്ത്രിമാരുടെ യാത്ര മുടങ്ങും.

കാരണം ഈ രാജ്യങ്ങളിലേക്കുള്ള വിസ നേരത്തേ സ്‌റ്റാമ്പ് ചെയ്യേണ്ടതുണ്ട്‌. അല്ലാത്ത പക്ഷം മന്ത്രിമാരുടെ യാത്രാതീയതി മാറ്റേണ്ടി വരും. വിദേശപ്രതിനിധികളുമായി ചര്‍ച്ച നടത്തരുതെന്നും ദുരിതാശ്വാസവുമായി ബന്ധമില്ലാത്ത യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദുബായിലേക്കു പോകും. 21 വരെയാണ്‌ അദ്ദേഹത്തിന്റെയും 17 മന്ത്രിമാരുടെയും സന്ദര്‍ശനം നിശ്‌ചയിച്ചിരുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button