നഗരൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെട്ട് കാണാതായ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തി. വെള്ളല്ലൂര്‍ കുഴയ്ക്കാട്ട് വീട്ടില്‍ രാജേന്ദ്രന് ലിസ ദമ്പതികളുടെ മകന് അദീപ് (29) ആണ് വാമനപുരം നദിയില്‍ കൊടുവഴന്നൂര്‍ ചേര്‍ന്നമംഗലം മൂന്നാറ്റുമുക്ക് കടവില്‍ മുങ്ങിമരിച്ചത്. മൃതദേഹം ഇന്നലെ രാവിലെ 11 മണിക്കാണ് കണ്ടെത്തിയത്. വെള്ളല്ലൂര്‍ സ്വദേശിനിയായ യുവതിയുമായി 27ന് വിവാഹം നടക്കാനിരിക്കവെയാണ് മരണം സംഭവിച്ചത്.
ഞായര്‍ വൈകിട്ട് ആറുമണിയോടെ കൊടുവഴന്നൂരിലെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദീപ് കുളിക്കാനിറിങ്ങിയത്. മൂന്ന് പേരും നദിയുടെ അക്കരെയിക്കരെ നീന്തിയതായും സുഹൃത്തുക്കള്‍ രണ്ട് പ്രാവശ്യം അക്കരയിക്കരെ പോയി വന്ന് കരയില്‍ കയറി. അദീപ് മൂന്നാമതും നീന്തുവാന്‍ ഇറങ്ങവെ ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. വിദേശത്തായിരുന്ന അദീപ് അടുത്ത കാലത്താണ് നാട്ടിലെത്തിയത്.
Post Your Comments