തിരുവനന്തപുരം•വാഹന രജിസ്‌ട്രേഷനും ലൈസന്‍സ് നടപടികളും സുഖമമാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ വാഹന്‍, സാരഥി സോഫ്റ്റ്‌വെയറുകള്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലും നടപ്പാക്കുന്നു.
വകുപ്പിന്റെ പരമാവധി സേവനങ്ങള്‍ വെബ്അധിഷ്ഠിതമാക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ (എന്‍.ഐ.സി) നിന്നുള്ള വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പ് ഉന്നതോദ്യോഗസ്ഥരും കഴിഞ്ഞദിവസം യോഗം ചേര്‍ന്നു.
‘വാഹന്‍’ വാഹന രജിസ്‌ട്രേഷന്‍ സേവനങ്ങളുമായും ‘സാരഥി’ ലൈസന്‍സ് നടപടികളുമായും ബന്ധപ്പെട്ട സോഫ്റ്റ്‌വെയറാണ്. മറ്റുസംസ്ഥാനങ്ങളില്‍ ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ മോട്ടാര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഈ വെബ്അധിഷ്ഠിത സോഫ്റ്റ്‌വെയറിലേക്ക് മാറിയിരുന്നില്ല. രണ്ടാഴ്ചക്കകം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങാനും ഒരുമാസത്തിനുശേഷം ഘട്ടംഘട്ടമായി മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫിസുകളിലും സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്താനുമാണ് തീരുമാനം.
നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പല സേവനങ്ങളും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ടെങ്കിലും അപേക്ഷകളുടെ പ്രിന്റെടുത്ത് ആര്‍.ടി ഓഫിസുകളില്‍ നേരിട്ട് ഹാജരാക്കേണ്ട അവസ്ഥയുണ്ട്. വെബ്അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഓഫിസില്‍ പോകാതെ മൊബൈലും ടാബും പോലുള്ള സംവിധാനങ്ങളിലൂടെ ഭൂരിഭാഗം നടപടികളും പൂര്‍ത്തിയാക്കാമെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.
Post Your Comments