Latest NewsKerala

ബാബറി മസ്ജിദ് മാത്രമല്ല, ഇന്ത്യയിലെ എണ്ണമറ്റ പള്ളികളും ചരിത്രസ്മാരകങ്ങളും സംഘപരിവാറിന്റെ കരിംപട്ടികയിലുണ്ട്: മുസ്ലിം ലീഗ് അണികളോട് മാപ്പുപറയണം- ഡോ.തോമസ്‌ ഐസക്ക്

തിരുവനന്തപുരം•ഭരണഘടനയ്ക്കു മീതെ വിശ്വാസങ്ങളെ പ്രതിഷ്ഠിക്കണമെന്ന സംഘപരിവാർ മുദ്രാവാക്യത്തിന്റെ അപകടം മുസ്ലീംലീഗ് അടക്കമുള്ള സംഘടനകൾ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് മന്ത്രി ഡോ.തോമസ്‌ ഐസക്. മനസിലായിരുന്നെങ്കിൽ ആ ആവശ്യത്തിന് പരസ്യപിന്തുണ നൽകാൻ ലീഗ് നേതൃത്വം രണ്ടുവട്ടം ആലോചിക്കുമായിരുന്നു. കോടതിയ്ക്കും നീതിന്യായസംവിധാനത്തിനും മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിച്ചാണ് ബാബറി മസ്ജിദ് തകർത്തു കളഞ്ഞത്. ആ അനുഭവം മറക്കാനുള്ള കാലമൊന്നും ആയിട്ടില്ല. ആ യുക്തിയുടെ തുടർച്ചയാണ് ബിജെപി ശബരിമലയിലും പ്രയോഗിക്കുന്നത്. അതിന്റെ അപകടം മനസിലാക്കാതെ, പ്രശ്നത്തെ സംസ്ഥാന സർക്കാരിനെ അടിക്കാനുള്ള വടിയായി കരുതി പ്രതികരിച്ച മുസ്ലിംലീഗ് നേതൃത്വത്തിന് കാലം മാപ്പു നൽകില്ലെന്നും തോമസ്‌ ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യൻ ഭരണഘടനയോടുള്ള സംഘപരിവാർ സമീപനം തങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നാണ് ലീഗ് വ്യക്തമാക്കേണ്ടത്. ശബരിമലയെ സംബന്ധിച്ച കോടതിവിധിയുടെ പേരിൽ പുറത്തുവരുന്നത് കേവലം സ്ത്രീവിരോധമോ കമ്മ്യൂണിസ്റ്റുവിരോധമോ നവോത്ഥാനവിരോധമോ അല്ല. ഇന്ത്യൻ ഭരണഘടന ഉണ്ടായ കാലം മുതൽ അതിന്റെ അടിസ്ഥാന സങ്കൽപങ്ങളോട് സംഘപരിവാർ പുലർത്തിപ്പോരുന്ന വിദ്വേഷത്തിന്റെ ആളിക്കത്തലാണിത്.

ഭരണഘടന ചുട്ടുകളയണമെന്നാണ് സമരനേതാക്കളുടെ പരസ്യമായ ആഹ്വാനം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും സങ്കൽപങ്ങളുമാണ് സംഘപരിവാറിന്റെ കണ്ണിലെ യഥാർത്ഥ കരട്.

ഭരണഘടനയെ എതിർക്കുന്നവർക്ക് ഭരണഘടനാപരമായി സ്ഥാപിതമായ സംവിധാനങ്ങളെയും അംഗീകരിക്കാനാവില്ല. അങ്ങനെയൊരു കാലം ഉണ്ടായാൽ ഇന്ത്യയിലെ മതന്യൂനപക്ഷത്തിന്റെ അവസ്ഥയെന്ത് എന്ന് ഉറക്കെ ചിന്തിക്കാൻ ബാധ്യതപ്പെട്ടവരാണ് മുസ്ലിംലീഗ് നേതൃത്വം.

സമൂഹത്തിലുണ്ടാകുന്ന ഏതു തർക്കത്തിനും, അതു വ്യക്തികൾ തമ്മിൽത്തമ്മിലോ സ്ഥാപനങ്ങൾ തമ്മിലോ, വ്യക്തികളും സ്ഥാപനങ്ങളും തമ്മിലോ സമുദായങ്ങൾ തമ്മിലാണെങ്കിലോ ആയാലും, നീതിയുക്തമായ പരിഹാരം ഭരണഘടനാപരമായി നിലവിൽവന്ന സ്ഥാപനങ്ങൾ വഴിയാണ് നിർവഹിക്കേണ്ടത്. ആ സ്ഥാപനങ്ങൾക്കുപകരം ആൾക്കൂട്ടത്തിന്റെ വിശ്വാസപ്രമാണങ്ങൾ കടന്നു വന്നാൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. അത്തരമൊരവസ്ഥ ഒരിക്കലും നമുക്ക് ആലോചിക്കാനേ കഴിയില്ല.

ബാബറി മസ്ജിദ് മാത്രമല്ല, ഇന്ത്യയിലെ എണ്ണമറ്റ പള്ളികളും ചരിത്രസ്മാരകങ്ങളും സംഘപരിവാറിന്റെ കരിംപട്ടികയിലുണ്ട്. അവിടെയൊക്കെ തീരുമാനമെടുക്കുമ്പോൾ വിശ്വാസമെന്നപേരിൽ പ്രചരിപ്പിക്കപ്പെടുന്ന നിലപാടുകൾക്ക് മേൽക്കൈയുണ്ടായാൽ എന്താവും സ്ഥിതി? അങ്ങനെയൊരവസ്ഥ ഇന്ത്യയിലുണ്ടാകണമെന്ന് ലീഗ് ആഗ്രഹിക്കുന്നുണ്ടോ?

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ വിശ്വാസിയാണ് അന്തിമവാക്ക് എന്ന വിധിതീർപ്പാണ് ലീഗ് മുന്നോട്ടു വെയ്ക്കുന്നത്. വിശ്വാസികൾ തമ്മിൽ തർക്കവും അഭിപ്രായവ്യത്യാസവുമുണ്ടായാൽ അന്തിമ വാക്ക് ആരു പറയും? രണ്ടു മതങ്ങൾ തമ്മിലുള്ള വിശ്വാസികൾ തമ്മിലാണ് തർക്കമെങ്കിലോ? പരിഹാരം എങ്ങനെയുണ്ടാകും?

അതിനാണ് ഭരണഘടനയും ഭരണഘടനാപരമായി സ്ഥാപിതമായ സംവിധാനങ്ങളും. ആധുനിക സമൂഹമെന്ന നിലയിൽ മുന്നോട്ടു പോകണമെങ്കിൽ, ആ സ്ഥാപങ്ങളുടെ തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരും. അതിനു മുകളിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ പ്രതിഷ്ഠിച്ചാൽ കൈയൂക്കുള്ളവരുടെ ഭരണമാകും സമൂഹത്തിൽ നടക്കുക. അവിടെ ആദ്യം ഹനിക്കപ്പെടുന്നത് ന്യൂനപക്ഷാവകാശങ്ങളും സ്ഥാപനങ്ങളുമായിരിക്കും.

അതുകൊണ്ട്, ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുന്ന സംഘപരിവാറിനു പിന്തുണ നൽകുന്ന സമീപനത്തിൽ നിന്ന് ലീഗ് പിന്മാറണം. ശബരിമലയെ സംബന്ധിച്ച കോടതിവിധിയെ മറയാക്കി ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ നടന്ന സമരത്തെ പിന്തുണച്ചത് തെറ്റായ നടപടിയാണെന്നു തുറന്നു സമ്മതിച്ച് അണികളോടു മാപ്പു പറയണം. അതാണ് ലീഗിനു മുന്നിലുള്ള വഴിയെന്നും തോമസ്‌ ഐസക്ക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button