ചാലക്കുടി: മൂന്ന് ജില്ലകളിലായി നടന്ന എ.ടി.എം കവര്‍ച്ചയില്‍ റെയില്‍വേ സ്റ്റേഷനുകളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം മുന്നേറുന്നു. സി.സി.ടി.വി കാമറകളുടെ പരിശോധനയും നടക്കുന്നുണ്ട്.
പ്രതികള്‍ ട്രെയിനില്‍ രക്ഷപ്പെട്ടു എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. മൂന്നു സംഘമായി തിരിഞ്ഞാണ് അന്വേഷണം. കോട്ടയം, എറണാകുളം, ചാലക്കുടി സംഘങ്ങള്‍ നടത്തുന്ന അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഐ.ജിയാണ്. എറണാകുളത്തെ സംഘം ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്.
കൊരട്ടിയിലെ അന്വേഷണ സംഘം ഉടന്‍ ഗോവയിലേക്ക് പോയേക്കും. രാവിലെയുള്ള ധന്‍ബാദ് എക്സ് പ്രസ് ട്രെയിനിലാണ് മോഷ്ടാക്കള്‍ കടന്നതെങ്കില്‍ ഗോവയുമായി ബന്ധമുണ്ടാകാമെന്നാണ് പൊലീസിന്റെ കണക്കൂട്ടല്‍. അതിനിടെ മൊബൈല്‍ ടവര്‍ നീരീക്ഷിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കവര്‍ച്ച നടന്ന സ്ഥലങ്ങളും രക്ഷപ്പെടാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് മൊബൈല്‍ ടവര്‍ പരിശോധന. ശ്രമകരമായ ദൗത്യമാണെങ്കിലും നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചാലക്കുടിയില്‍ ജുവലറി കവര്‍ച്ചകേസില്‍ തുമ്പുണ്ടായത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്.
എ.ടി.എം കൗണ്ടറിലെ കാമറകളില്‍ കണ്ട പ്രതികളാണോ ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കാമറയില്‍ പതിഞ്ഞതെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. കവര്‍ച്ചയിലെ പ്രധാനിയെന്ന് തോന്നിച്ച തടിച്ച ശരീരമുള്ളയാള്‍ ചാലക്കുടിയിലെ ദൃശ്യത്തില്‍ ഇല്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
Post Your Comments