പാലക്കാട്: പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വൈകുന്നതില്‍ പാലക്കാട്ടെ ഒരു വിഭാഗം സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം. പരാതിയില്‍ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീര്‍ത്ത് നടപടി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെ തീരുമാനം.
കഴിഞ്ഞ ആഗസ്റ്റ് 14നാണ് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി അംഗമായ യുവതി ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ ഇടപെടേണ്ട എന്ന നിലപാടിലായിരുന്നു പാര്‍ട്ടി. പരാതി യെച്ചൂരിയുടെ അടുത്തെത്തുകയും അദ്ദേഹം ഇടപെടുകയും ചെയ്തതോടെ പാര്‍ട്ടി വെട്ടിലാവുകയായിരുന്നു.തുടര്‍ന്ന് മുഖം രക്ഷിക്കാന്‍ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. സെപ്റ്റംബര്‍ മുപ്പതിനകം നടപടിയുണ്ടാവുമെന്നായിരുന്നു പരാതിക്കാരിക്ക് പാര്‍ട്ടി നല്‍കിയ മറുപടി.
എന്നാല്‍ ഇതിനിടെ പണം നല്‍കി വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും നടന്നു. കൂടാതെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ച് നടന്ന പാര്‍ട്ടി കമ്മീഷന്റെ മൊഴിയെടുപ്പില്‍ പരാതിയില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു ഭൂരിഭാഗം നേതാക്കളും പറഞ്ഞത്. പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് പി.കെ ശശിയെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. എന്നാല്‍ പരാതിയില്‍ ഗൂഡലോചനയുണ്ടെന്നത് നടപടി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പാര്‍ട്ടി കമ്മിഷനും ഇതിന് കൂട്ട് നില്‍ക്കുന്നുവെന്നുമാണ് മറുവിഭാഗം ആരോപിക്കുന്നത്.
ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയിലും ശശി വിഷയം ചര്‍ച്ചയാവാതായതോടെ കടുത്ത അമര്‍ഷത്തിലാണ് പെണ്‍കുട്ടിയും, പെണ്‍കുട്ടിയെ അനുകൂലിക്കുന്നവരും. പാര്‍ട്ടിയില്‍ നിന്നും നടപടിയുണ്ടാവാത്ത പക്ഷം മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് വരാനും, നിയമപരമായ പോരാട്ടത്തിന് ഒരുങ്ങാനും പെണ്‍കുട്ടി ആലോചിക്കുന്നുണ്ട്. ഒരു വിഭാഗം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പെണ്‍കുട്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി മുന്‍പിലുണ്ട്.
Post Your Comments