തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെന്നിത്തല ബിജെപിയുടെ പ്രസിഡന്റാകാനുള്ള മത്സരത്തിലാണെന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു. 91-ല്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധി വന്നിരുന്നു. അന്ന് ഇ.കെ.നായനാരായിരുന്നു മുഖ്യമന്ത്രി. ആ വിധി അച്ചടക്കത്തോടെ നടപ്പാക്കുന്നതില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയിച്ചു. ഇപ്പോള്‍ എല്ലാവരേയും പ്രവേശിപ്പിക്കണമെന്ന പുതിയ വിധി വന്നിരിക്കുന്നു. ഈ വിധിയും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസുകാരായ അഞ്ച് അഭിഭാഷകര്‍ 2006ല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 400 വര്‍ഷമായി സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കിയത് അവിടത്തെ ബിജെപി സര്‍ക്കാരാണ്. ഇതൊക്കെ മറന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്.
സുപ്രീംകോടതി വിധി വന്നപ്പോള്‍ ആര്‍എസ്എസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തിരുന്നു. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും വിധിയെ സ്വാഗതം ചെയ്തു. സമാന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിച്ചത്. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ തെരുവില്‍ സമരവുമായിറങ്ങിയതെന്ന് കാനം ചൂണ്ടിക്കാട്ടി.
Post Your Comments