Latest NewsEditorial

മുക്കാന്‍ നോക്കിയ പരാതി അവസാനം സെക്രട്ടേറിയറ്റ് യോഗത്തില്‍; പികെ ശശിക്ക് തല്ലോ തലോടലോ

പാര്‍ട്ടി ജനപ്രതിനിധി കുറ്റക്കാരനാണെന്ന് കണ്ടെത്തി കടുത്ത ശിക്ഷ വിധിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമായിരിക്കുമെന്നതില്‍ സംശയമില്ല. പാര്‍ട്ടി ചരിത്രത്തില്‍ ഒരു കറുത്ത അടയാളമായി അത് അവശേഷിക്കും.

മനുഷ്യാവകാശത്തിനും തുല്യനീതിക്കും പോരാടിയ വിപ്ലവപാര്‍ട്ടി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ലൈംഗികപീഡനമാണ്. പാര്‍ട്ടി നേതാക്കന്‍മാര്‍ക്കെതിരെ മുമ്പും ലൈംഗികപീഡനാരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഭരണപക്ഷത്തിരിക്കെ പാര്‍ട്ടിയിലെ ഒരു എംഎല്‍എയ്ക്കെതിരെ ആരോപണം ഉയരുന്നതും അത് അന്വേഷിച്ച സമിതി സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമൊക്കെ സിപിഎം പോലൊരു പാര്‍ട്ടിക്ക് തീരെ യോജിച്ചതല്ല. എന്തായാലും ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടിക്ക് നടപടി എടുത്തേ തീരൂ എന്നുറപ്പായി. മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ മന്ത്രി എംകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നതാണ്. പക്ഷേ അത് ഘടകകക്ഷിയായതിനാല്‍ മന്ത്രിസഭയ്ക്ക് കളങ്കമുണ്ടാക്കിയെങ്കിലും സിപിഎമ്മിന്റെ പ്രതിഛായയെ ബാധിച്ചില്ല. ശശീന്ദ്രന്‍ ക്ലീന്‍ ഇമേജ് നേടി തിരിച്ചെത്തുകയും ചയ്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധിക്കെതിരെ ആരോപണം ഉയരുമ്പോള്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ് തന്നെയാണ് സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചത്.

പരാതിക്കാരി ഡിവൈഎഫ്ഐ വനിതാ നേതാവ്

പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗികചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു. തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരാതി ചിലര്‍ ഗൂഢാലോചന നടത്തി നല്‍കിയതാണെന്നും പി.കെ.ശശി ആരോപിച്ചിരുന്നു. തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താന്‍ വേണ്ടിയാണിതെന്നാണ് ശശിയുടെ ആരോപണം. ഈ പരാതിയിലും സിപിഐഎം നടപടിയെടുക്കുമെന്നാണ് സൂചനയുള്ളത്.

cpim

അതേസമയം ഒരു എംഎല്‍എക്കെതിരെ നല്‍കിയ പരാതി പൊലീസിന് നല്‍കാതെ പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ അന്വേഷിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സോളാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത നായര്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും ഏറ്റെടുക്കുന്നതില്‍ അന്ന് സിപിഎം കാണിച്ച ഉത്സാഹം അവര്‍ മറന്നിട്ടില്ലല്ലോ. എന്തായാലും പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടിക്കു സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തരംതാഴ്ത്തല്‍ ഉള്‍പ്പടെയുള്ള നടപടികളെക്കുറിച്ചാണ് ശനിയാഴ്ച ചേരുന്ന സംസ്ഥാനസമിതി തീരുമാനിക്കുന്നതെന്നും അറിയുന്നു. പി.കെ.ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നു തന്നെയാണു കമ്മിഷന്റെ കണ്ടെത്തല്‍. എന്നാല്‍ അത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന നിഗമനത്തിലാണ് കമ്മീഷന്‍ എത്തിയതെന്നാണ് അറിയുന്നത്.

Pk sasi

പാര്‍ട്ടിയിലെ ഒരു എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തി കടുത്ത ശിക്ഷ വിധിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമായിരിക്കുമെന്നതില്‍ സംശയമില്ല. പാര്‍ട്ടി ചരിത്രത്തില്‍ ഒരു കറുത്ത അടയാളമായി അത് അവശേഷിക്കും. പക്ഷേ പരാതിക്കാരിയായ പെണ്‍കുട്ടി സാധാരണക്കാരിയല്ല. പാര്‍ട്ടി യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ നേതാവാണ്. അപ്പോള്‍ പരാതിക്കാരിയെ തൃപ്തിപ്പെടുത്തുന്ന ഒരു നടപടി എടുക്കാന്‍ സിപിഎം നേതൃത്വം നിര്‍ബന്ധിതിമായിരിക്കുകയാണ്. പികെ ശശിക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമായ ഒരു നേതാവിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. .പാര്‍ട്ടി പ്രവര്‍ത്തകയായ തന്നെ പ്രസ്തുത നേതാവ് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ യുവതി പറയുന്നത്. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതു കൂടാതെ എംഎല്‍എ ഹോസ്റ്റലില്‍ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാല്‍ പീഡിപ്പിച്ചതായി മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകയും പരാതി നല്‍കിയിരുന്നു. ചുരുക്കത്തില്‍ പാര്‍ട്ടി ക്ലാസുകളില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നതെങ്ങനെ എന്നതുകൂടി വിശദീകരിക്കാന്‍ സിപിഎം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പെണ്‍വിഷയത്തില്‍ പി ശശിയും ഗോപി കോട്ടമുറിക്കലും

മുമ്പും പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ക്കെതിരെ ലൈംഗികപീഡനാരോപണം ഉയര്‍ന്നത് വിവാദമായിട്ടുണ്ട്. പാര്‍ട്ടിയിലെ രണ്ട് ജില്ലാ സെക്രട്ടറിമാരാണ് ആരോപണക്കുരുക്കില്‍ കുടുങ്ങിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി, എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ എന്നിവരായിരുന്നു ആ നേതാക്കന്‍മാര്‍. ആരോപണത്തെത്തുടര്‍ന്ന് ഇവര്‍ക്ക് രണ്ട് പേര്‍ക്കും സെക്രട്ടറിസ്ഥാനം നഷ്ടമായി. പാര്‍ട്ടിയുടെ എറണാകുളം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററിലെ മുറിയില്‍ അഭിഭാഷകയുമായി അവിഹിത ബന്ധം നടത്തിയെന്നായിരുന്നു ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന ആരോപണം. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമാണ് പി ശശിക്കെതിരെ ഉയര്‍ന്നത്.

pk sasi

പാര്‍ട്ടി എംഎല്‍എക്കെതിരെ ലഭിച്ച പരാതി മുക്കാന്‍ നോക്കിയതാണ് പാര്‍ട്ടിക്ക് ക്ഷീണമായത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ഇക്കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് മുന്നിലെത്തിയത്. യച്ചൂരി ഇടപെട്ടതോടെയാണ് സംഭവം ചൂടുപിടിച്ചരും അന്വേഷണത്തിന് സമിതിയായതുമെല്ലാം. തനിക്ക് പരാതി ലഭിച്ചെന്ന കാര്യം യച്ചൂരി തന്നെ മാധ്യമങ്ങളോട് നേരിട്ട് പറഞ്ഞതോടെ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴായിരുന്നു സംസ്ഥാനനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടാന്‍ തന്നെ തയ്യാറായത്. പാര്‍ട്ടിക്ക് ലഭിച്ച പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും പരാതിക്കാരിക്ക് വേണമെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നുമുള്ള കോടിയേരിയുടെ പ്രതികരണം ശക്തമായ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.

mukesh

എന്തായാലും നടനും എംഎല്‍എയുമായ മുകേഷിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ പരാതിയില്ലെന്ന് തുറന്നു പറഞ്ഞതോടെ അതിനെ നിസ്സാരമായാണ് പാര്‍ട്ടി കാണുന്നത്. മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം നിയമപരമായി പരിശോധിക്കട്ടെ എന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. മുകേഷും ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. പക്ഷേ ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ തെളിവോ പരാതിയോ അല്ല ജനങ്ങള്‍ നോക്കുന്നത്. സിപിഎം പോലൊരു പാര്‍ട്ടിയില്‍ നിന്ന് ആ പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ പ്രതീക്ഷിക്കുന്ന മൂല്യവത്തായ ചില നിലപാടുകളുണ്ട്. അതില്‍ വെള്ളം ചേര്‍ക്കപ്പെടുമ്പോള്‍ തത്കാലം മുഖം രക്ഷിക്കല്‍ മാത്രമാകും അത്. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍പ്പോലും മായം ചേര്‍ക്കപ്പെടുന്നു എന്ന് അണികള്‍ക്ക് തോന്നാതിരിക്കാനുള്ള സാഹചര്യമെങ്കിലും സിപിഎം നേതൃത്വത്തില്‍ നിന്ന് ഉണ്ടായേ തീരൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button