പാലക്കാട്: പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെയുള്ള പരാതിയെ കുറിച്ച് പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദേശം. എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.ഞായറാഴ്ച സിപിഐഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ ചേരും. യോഗത്തില്‍ പാലക്കാട് ജില്ല സെക്രട്ടറിയും ജില്ലയിലെ സംസ്ഥാന നേതാക്കളും പങ്കെടുക്കും.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തി പി കെ ശശി ലക്ഷകണക്കിന് തുക കൈവശപ്പെടുത്തിയെന്നാണ് മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ മന്‍സൂര്‍ കെ യുടെ പരാതി. സിപിഐഎം സംസ്ഥാന ജില്ല നേതൃത്വങ്ങള്‍ക്കാണ് പരാതി നല്‍കിയത്.കഴിഞ്ഞ ജൂണിലാണ് മന്‍സൂര്‍ പി കെ ശശിക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയത്.
മണ്ണാര്‍ക്കാട്ടെ റൂറല്‍ ബാങ്ക്, കുമരംപുത്തൂര്‍ ബാങ്ക്, ഹൗസിംഗ് സൊസൈറ്റി ഉള്‍പ്പടെ സിപിഐഎം നിയന്ത്രണത്തിലുളള ബാങ്കുകളില്‍ ലക്ഷകണക്കിന് രൂപ കൈപറ്റിയാണ് പി കെ ശശി നിയമനം നടത്തുന്നതെന്നാണ് പ്രധാന ആരോപണം. അഴിമതി ചോദ്യം ചെയ്യുന്നവരെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കുന്ന നടപടിയാണ് പി കെ ശശിയുടേതെന്നും പരാതിയില്‍ പറയുന്നു.
പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാതെയാണ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ ബാങ്കിലും പി കെ ശശിയുടെ ബന്ധുക്കളെ നിയമിച്ചത്. പി കെ ശശി അധ്യക്ഷനായ മണ്ണാര്‍ക്കാട്ടെ സ്വാശ്രയ കോളേജിന് വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് കോടി കണക്കിന് രൂപ ഓഹരിയായി പിരിച്ചെടുത്തു എന്നും ആരോപണമുണ്ട്.
Post Your Comments