ന്യൂഡല്‍ഹി: റാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ നവംബര്‍ മുതല്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യ 40 ലക്ഷം ബാരല്‍ അധിക അസംസ്കൃത എണ്ണ നല്‍കുമെന്ന് സൂചന. നവംബര്‍ നാല് മുതലാണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുക. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.
ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സൗദിയോട് അമേരിക്ക കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉപരോധം കാരണം ചില വെട്ടികുറക്കലുകള്‍ വേണ്ടി വന്നേക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, മംഗളൂര് റിഫൈനറി പെട്രോകെമിക്കല്‍സ് എന്നിവര്‍ സൗദി അറേബ്യയോട് നവംബറില്‍ 10 ലക്ഷം ബാരല്‍ വീതം അധിക എണ്ണ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫലിഹുമായി കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു. അതേ സമയം റിപ്പോര്‍ട്ടുകളോട് എണ്ണ കമ്പനികള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Post Your Comments