തിരുവനന്തപുരം: മിസോറാം ഗവര്‍ണറും ബിജെപി മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനെ സംസ്ഥാന നേതൃത്വത്തില്‍ തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുമ്മനത്തെ കേരളത്തില്‍ എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന വിശ്വസത്തിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ് നീക്കം. ബിജെപിയിലെ പ്രമുഖ നേതാക്കളില്‍ പലരും സംഘപരിവാര്‍ സംഘടനകളും ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ശബരിമല സത്രീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതു വരെ കുമ്മനം ഗവര്‍ണരായി തുടരട്ടെ എന്ന മുന്‍ നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. എന്നാല്‍ ഈ നിലപാടില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മിസോറമില്‍ നവംബര്‍ 28നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 11നും. അടുത്ത വര്‍ഷം ജനുവരി മാസത്തില്‍ തന്നെ കുമ്മനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് അയയ്ക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും വലിയ ജനപിന്തുണ ലഭിക്കുകയും ചെയ്തതിനുശേഷമാണ് ബിജെപി പ്രതിഷേധ സമരങ്ങളുമായി എത്തിയത്. ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുമ്മനം രാജശേഖരന്‍ കേരളത്തിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് അനുകൂലമായി കാര്യങ്ങളെത്തുമായിരുന്നെന്നു സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അയ്യപ്പസേവാ സമാജത്തിന്റെ വാര്‍ഷികയോഗം കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. കുമ്മനം പരിപാടിയില്‍ പങ്കെടുത്ത് സംഘടനാ പ്രതിനിധികളെയും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനേയും അമിത്ഷായെയും കണ്ട് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശബരിമലവിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയത്. കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും ഹൈന്ദവ സംഘടനകള്‍ക്കും ഊര്‍ജം പകരുമെന്നാണു പ്രതിനിധികള്‍ കേന്ദ്രനേതാക്കളെ അറിയിച്ചത്. കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് കുമ്മനത്തിനും താല്‍പര്യം. ഇക്കാര്യം അടുപ്പമുള്ള നേതാക്കളോട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്ര നേതൃത്വം ഇതുസംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ശബരിമലയ്ക്കു സമീപം നിലയ്ക്കലില്‍ നടന്ന ആറു മാസം നീണ്ട പ്രക്ഷോഭത്തോടെയാണ് കുമ്മനം കേരളത്തില്‍ ശ്രദ്ധേയനാകുന്നത്. 1992ല്‍ ഹിന്ദു ഐക്യേവേദി ജനറല്‍ കണ്‍വീനറായി. ആറന്‍മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ബിജെപി നേതാവ് വി. മുരളീധരന്‍ സ്ഥാനമൊഴിഞ്ഞശേഷമായിരുന്നു പിന്നീട് കുമ്മനം സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
Post Your Comments