രണ്ടാമൂഴം സിനിമയില്‍ നിന്നും എം.ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി റിപ്പോര്‍ട്ടകള്‍ വന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മിതാവ് ഡോ.ബി.ആര്‍.ഷെട്ടി. തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയായി കരുതുന്നതായും ഡോ.ബി.ആര്‍.ഷെട്ടി പറഞ്ഞു. മഹാഭാരതം എന്ന മഹത്തായ കൃതിയെ സിനിമയിലൂടെ വരും തലമുറക്ക് വേണ്ടി ചരിത്രമാക്കി ബാക്കിവെക്കണം എന്നതാണ് എന്റെ സ്വപ്നം. ആ സ്വപ്ന പദ്ധതിയില്‍ നിന്ന് മാറിയിട്ടില്ല. അത് യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യും.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. ഇക്കാര്യത്തിലൊന്നും ഒരു മാറ്റവും ഇല്ല. തിരക്കഥയുടെ കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ലെന്നും ഡോ.ബി.ആര്‍.ഷെട്ടി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഇപ്പോള്‍ എം.ടി നടത്തിയ പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
രണ്ടാമൂഴം നടക്കുമെന്നും പ്രൊജക്ടിനെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും കാര്യങ്ങള്‍ കൃത്യമായി അറിയിച്ചതിന് ശേഷം സിനിമയുമായി മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.
തിരക്കഥ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തിരക്കഥ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ഒരു നടപടിയെന്ന് എം.ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സംവിധായകനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് എംടി വാസുദേവന്‍ നായര്‍.
Post Your Comments