KeralaLatest News

അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടിക്ക് സാംസ്കാരിക കേരളം ഇന്ന് വിടനൽകും

കോഴിക്കോട്: അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത മനുഷ്യന് ഇനി അന്ത്യവിശ്രമം. സാംസ്കാരിക കേരളം എംടി വാസുദേവൻ നായർക്ക് ഇന്ന് വിട നൽകും. ഇന്നലെ രാത്രി പത്തുമണിയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ അന്തരിച്ച എംടിയുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. ഇന്നു വൈകിട്ട് നാലുമണിവരെ ഇവിടെ അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്.

എം.എൻ.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രൻ, ഷാഫി പറമ്പിൽ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‌ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലികളർപ്പിച്ചു. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. എംടിയുടെ വിയോഗ വാർത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആരാധകർ അടക്കം വൻ ജനാവലി എത്തിയിരുന്നു.

ഇന്നലെ രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എംടിയുടെ (91) അന്ത്യം. അന്ത്യനിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ അശ്വതിയും അടുത്തുണ്ടായിരുന്നു. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നു കെപിസിസി 2 ദിവസത്തേക്കു ദുഃഖാചരണം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി, കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന സമ്മേളനങ്ങൾ കോൺഗ്രസ്‌ സ്ഥാപക ദിനമായ 28ലേക്കു മാറ്റി.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. എന്നാൽ യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയിൽ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാൽ കിഡ്നിയുടെയും ഹൃദയത്തിൻ്റെയും നില ഇന്നലെ വഷളായി. ഇതോടെ ആരോഗ്യനില കൂടുതൽ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button